ഒന്നാം ടെസ്റ്റിന്റെ വിജയത്തിന്റെ ഗര്വിലിറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യന്‍ പേസിന് മുന്നില്‍ അടിപതറി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ 221 റണ്‍സ് മാത്രമാണ് ആതിഥേയര്‍ക്ക് നേടാനായത്. 68.4 ഓവര്‍ മാത്രം ക്രീസില്‍ നിന്ന് ഇംഗ്ലണ്ടിന് ആശ്വസിക്കാനുണ്ടായിരുന്നത് ഇന്ത്യയുടെ ക്ഷമയളന്ന വാലറ്റത്തെ ചില ചെറിയ ചെറുത്തുനില്‍പ്പുകള്‍ മാത്രമായിരുന്നു. സഹീര്‍ ഖാന് പരിക്ക്മൂലം പുറത്തിരുന്നിട്ടും മീഡിയം പേസര്‍മാരിലൂടെ ഇന്ത്യ ഇംഗ്ലണ്ടിന് കടിഞ്ഞാണിട്ടതാണ് അത്ഭുതം.
ഇന്ത്യന്‍ ബൗളിങ്ങിനെ നയിച്ച പ്രവീണ്‍കുമാര്‍, ഇശാന്ത് ശര്‍മ, സഹീറിന്റെ പകരക്കാരന് ശ്രീശാന്ത് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. പതര്‍ച്ചയ്ക്കിടയിലും വിറകൂടാതെ പ്രതിരോധിച്ചു പിടിച്ചുനിന്ന സ്റ്റുവര്‍ട്ട് ബ്രോഡിന്റെ വിക്കറ്റ് ഹര്ഭജന് സ്വന്തമാക്കി. കൂറ്റനടിക്ക് മുതിര്‍ന്ന ബ്രോഡിനെ അതിര്ത്തിവരയ്ക്കടുത്ത് സച്ചിന് ക്യാച്ചെടുത്തതോടെയാണ് ഇംഗ്ലീഷ് ഇന്നിങ്സിന് തിരശീല വീണത്. 66 പന്തില്‍ നിന്ന് 64 റണ്‍സാണ് ബ്രോഡിന്റെ സംഭാവന. സ്ട്രോസ് 32 ഉം ബെല്‍ 31 ഉം റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ട്ടപ്പെട്ടു.ഇന്നിങ്ങ്സിലെ ആദ്യ ബോളില്‍ റണ്‍സ് ഒന്നുമെടുക്കാതെ മുകുന്ദ് ആണ് പുറത്തായത്.ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ട്ടത്തില്‍ 24 എന്ന നിലയിലാണ്.7 റണ്‍സെടുത്ത ദ്രാവിഡും 13 റണ്‍സെടുത്ത ലക്ഷ്മണനുമാണ് ക്രീസില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല