സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്!ഞി മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരിയെന്ന വാദവുമായി അറബ് മാധ്യമങ്ങള്‍. എലിസബത്ത് രാജ്ഞിയുടെ വംശാവലിയില്‍ 43 തലമുറകള്‍ പിന്നോട്ടു തിരഞ്ഞുപോയിട്ടാണു മുഹമ്മദ് നബിയുടെ പിന്തുടര്ച്ചയുടെ തെളിവുകള്‍ കണ്ടെത്തിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപ്രകാരം എലിസബത്ത് രാജ്ഞിയുടെ വംശാവലി പതിനാലാം നൂറ്റാണ്ടിലെ കെംബ്രിജ് പ്രഭുവിലൂടെ (ഏള് ഓഫ് കേംബ്രിജ്) മധ്യകാല അറബ് സ്പെയിന് രാജവംശം വഴി പ്രവാചക പുത്രിയായ ഫാത്തിമയില്‍ എത്തുന്നതായി വെളിപ്പെടുത്തുന്ന വംശപരമ്പരയുടെ പൂര്ണപട്ടികയും മാധ്യമങ്ങള്‍ പുറത്തുവിട്ടു.
1986ല്‍ ആണു റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചതെങ്കിലും ഈയിടെ ഒരു മൊറോക്കോ ദിനപത്രം ഇതു വീണ്ടും പ്രസിദ്ധീകരിച്ചതോടെ ചര്‍ച്ചയായി. ബ്രിട്ടിഷ് രാജവംശാവലിയില്‍ ഗവേഷണം നടത്തുന്ന ബര്‍ക്സ് പീയറിജ് 1986ല്‍ ആണു വെളിപ്പെടുത്തലുകള്‍ നടത്തിയത്. പ്രവാചകന്റെ നേരിട്ടുള്ള സന്തതിപരമ്പരയിലുള്ളതാണു എലിസബത്ത് രാജ്ഞിയെന്നും ഇക്കാരണത്താല്‍ രാജകുടുംബത്തിനു കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്നും ബര്‍ക്സ് പീയറിജ് അന്നത്തെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറോട് ആവശ്യപ്പെടുകയും ചെയ്തു.
സ്പെയിന് ഭരിച്ചിരുന്ന സെവിലിലെ അറബ് രാജാക്കന്‍മാരിലൂടെയാണു പ്രവാചക പരമ്പരയുടെ പിന്തുടര്ച്ച ബ്രിട്ടിഷ് രാജകുടുംബത്തിലെത്തുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തശേഷം സെവിലില്‍നിന്നു നാടുവിട്ട മുസ്ലിം രാജകുമാരി സൈദയുടെ വംശപരമ്പരയിലുള്ളതാണു എലിസബത്ത് രാജ്ഞിയെന്നു ബര്‍ക്സ് പീയറിജ് വാദിക്കുന്നു.
സെവിലിലെ അല്‍ മുത്താമിദ് ഇബ്ന് അബ്ബാദിന്റെ നാലാമത്തെ ഭാര്യയായിരുന്നു സൈദ. അബ്ബാദില്‍ സൈദയ്ക്കുണ്ടായ മകന് സാന്‍ചോയുടെ പിന്തുടര്ച്ചയാണു കേംബ്രിജ് പ്രഭുവിനെ വിവാഹം ചെയ്തത്. ഈ അവകാശവാദങ്ങള്‍ ഈജിപ്തിലെ പ്രമുഖ മതപണ്ഡിതും മുന്‍ ഗ്രാന്റ് മുഫ്തിയുമായ അലി ഗോമാ അടക്കമുള്ള ഒരു വിഭാഗം അംഗീകരിക്കുമ്പോള്‍, സൈദയുടെ വംശാവലി തര്‍ക്ക വിഷയമാണെന്ന വാദവുമായി എതിര് വിഭാഗവും രംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല