സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗമേറ്റ് ചികിത്സയിലായിരുന്ന റഷ്യക്കാരി യൂലിയാ സ്‌ക്രിപാല്‍ ആശുപത്രി വിട്ടു. യൂലിയായെ സാലിസ്ബറി ഡിസ്ട്രിക്ട് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജു ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിന്റെ മകളാണു 33കാരിയായ യൂലിയ. സെര്‍ജി സ്‌ക്രിപാല്‍ (66)സുഖം പ്രാപിച്ചുവരികയാണ്. യൂലിയയെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയെന്നു യുകെ അധികൃതര്‍ പറഞ്ഞു.
അതേസമയം റഷ്യന്‍ പൗരത്വമുള്ള യൂലിയയെ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നതിനെ റഷ്യ ചോദ്യം ചെയ്തു. തട്ടിക്കൊണ്ടുപോകുന്നതിനു തുല്യമായി ഇതു കണക്കാക്കുമെന്നും റഷ്യ അറിയിച്ചു. റഷ്യക്കും ബ്രിട്ടനും വേണ്ടി ചാരപ്പണി ചെയ്ത സ്‌ക്രിപാലിന് പിന്നീട് ബ്രിട്ടന്‍ അഭയം നല്‍കുകയായിരുന്നു. മോസ്‌കോയില്‍ താമസിക്കുന്ന യൂലിയ പിതാവിനെ കാണാനെത്തിയപ്പോഴാണ് മാര്‍ച്ച് നാലിന് സാലിസ്ബറിയില്‍ രാസവസ്തു പ്രയോഗത്തിനിരയായത്.
അബോധാവസ്ഥയിലായ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവ്യറ്റ് സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് എന്ന രാസവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സ്‌ക്രിപാലിനെ വകവരുത്താന്‍ റഷ്യയാണ് ആക്രമണം നടത്തിയതെന്നും ബ്രിട്ടന്‍ ആരോപിക്കുന്നു. ആരോപണം റഷ്യ നിഷേധിച്ചതിന്റെ തുടര്‍ന്ന് ഇരുരാജ്യങ്ങളും നയതന്ത്രയുദ്ധത്തിന്റെ പാതയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല