സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ കാര്‍ നദിയില്‍ മുങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍. കാണാതായ സന്ദീപിന്റേയും കുടുംബത്തിന്റേയും എസ്യുവിയാണ് മുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കലിഫോര്‍ണിയ ഹൈവേ പട്രോള്‍ നല്കുന്ന വിവരമനുസരിച്ചു സന്ദീപിന്റെ മെറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനം പ്രാദേശിക സമയം വെള്ളിയാഴ്ച 1.10ന് ഡോറ ക്രീക്കിനു സമീപത്തുള്ള ഹൈവൈ 101 ലൂടെ കടന്നുപോയിരുന്നു.
ക്ലാമത് – റെഡ്വുഡ് റോഡിലാണ് അവസാനമായി വാഹനം കണ്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിനു സമീപമുള്ള നദിയിലേക്കു കാര്‍ മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെന്നാണു പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ സന്ദീപിന്റെ വാഹനം തന്നെയാണു മുങ്ങിപ്പോയതെന്നു സ്ഥിരീകരിക്കാന്‍ യുഎസ് പൊലീസ് തയാറായിട്ടില്ല.
കാലിഫോര്‍ണിയയില്‍ വിനോദ യാത്രയ്ക്ക് എത്തിയ ലോസ് ആഞ്ചലസില്‍ താമസിക്കുന്ന സന്ദീപ് തോട്ടപ്പിള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെയാണ് കാണാതായത്. പോര്ട്ട്ലന്ഡില് നിന്നും സാന്‍ഹൊസെ വഴി കാലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിനോദയാത്രയ്ക്ക് കുടുംബം ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന. വെള്ളിയാഴ്ച കലിഫോര്‍ണിയയില്‍ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു.
യാത്രയ്ക്കിടയില്‍ സാന്‍ജോസിലുള്ള സുഹൃത്തിനെ സന്ദീപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ അവിടെ എത്തുമെന്നും രാത്രി അവിടെ തങ്ങുമെന്നുമാണ് സന്ദീപ് സുഹൃത്തിനോട് പറഞ്ഞത്. അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂള്‍ തുറക്കുമെന്നതിനാല്‍ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനായിരുന്നു കുടുംബത്തിന്റെ പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല