സ്വന്തം ലേഖകന്‍: അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്ന് 257 പേര്‍ കൊല്ലപ്പെട്ടു; അട്ടിമറിയെന്ന് സംശയം. അള്‍ജീയേഴ്‌സില്‍ നിന്ന് 25 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള അള്‍ജീരിയന്‍ വ്യോമസേനാ താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടനായിരുന്നു അപകടം. മരിച്ചവരേറെയും സൈനികരും കുടുംബാംഗങ്ങളുമാണ്. തൊട്ടടുത്ത കൃഷിയിടത്തില്‍ തകര്‍ന്നുവീണ് തീപിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. 247 യാത്രക്കാരും 10 ജീവനക്കാരുമാണ് മരിച്ചതെന്ന് അള്‍ജീരിയന്‍ പ്രതിരോധമന്ത്രാലയം പറഞ്ഞു. യാത്രക്കാരില്‍ ആരെങ്കിലും രക്ഷപ്പെട്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ ബെച്ചാറിലേക്കു പോയ ഇ ലുഷിന്‍ രണ്ട്76 വിമാനമാണു തകര്‍ന്നുവീണ് ചാന്പലായത്. പടിഞ്ഞാറന്‍ സഹാറയില്‍നിന്നുള്ള ആയിരക്കണക്കിനു അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രമാണു ടിന്‍ഡൗഫ്. പ്രതിരോധവകുപ്പ് സഹമന്ത്രി ജനറല്‍ അഹമ്മദ് ഗൗദ് സലാഹ് അപകടസ്ഥലം സന്ദര്‍ശിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനു ജനറല്‍ അഹമ്മദ് ഉത്തരവിട്ടു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി അള്‍ജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൊറോക്കോയില്‍നിന്നു പടിഞ്ഞാറന്‍ സഹാറയ്ക്കു സ്വാതന്ത്ര്യം ആവശ്യപ്പെട്ട് അള്‍ജീരിയയുടെ പിന്തുണയോടെ പ്രക്ഷോഭം നടത്തുന്ന പോളിസാരിയോ ഫ്രണ്ട് എന്ന സംഘടനയുടെ 26 പ്രവര്‍ത്തകരും അപകടത്തില്‍ കൊല്ലപ്പെട്ടതായി നേരത്തെ അള്‍ജീരിയന്‍ ഭരണകക്ഷി അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല