സ്വന്തം ലേഖകന്‍: സിറിയന്‍ സൈന്യത്തിനെതിരെ യുഎസ്, യുകെ, ഫ്രാന്‍സ് സഖ്യസേന ആക്രമണം തുടങ്ങി; റഷ്യയുടെ പ്രതികരണം കാത്ത് ആശങ്കയോടെ ലോകം. രാസായുധ പ്രയോഗം നടത്തിയതായി സംശയിക്കുന്ന ദൂമ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവരുടെ സംയുക്ത സൈന്യം ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്രാന്‍സും ബ്രിട്ടനുമായി ചേര്‍ന്ന് പ്രദേശത്ത് നടത്തുന്ന ആക്രമണങ്ങള്‍ പുരോഗമിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. രാസായുധങ്ങളുടെ ഉപയോഗവും വ്യാപനം തടയുകയാണ് സൈനിക നീക്കത്തിലുടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലും ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും സൈനിക നീക്കം സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയില്‍ ഇതെല്ലാതെ മറ്റൊരു പ്രായോഗികമായ പോംവഴിയില്ലെന്ന് അവര്‍ പ്രതികരിച്ചു. എന്നാല്‍, ആക്രമണം സിറിയയിലെ ഭരണമാറ്റം ലക്ഷ്യമിട്ടല്ലെന്നും അവര്‍ വ്യക്തമാക്കി. അതേ സമയം ആക്രമണങ്ങള്‍ ഉണ്ടായെന്ന വാര്‍ത്ത സിറിയ നിഷേധിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ ആക്രമണങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ അത് ഒരു യുദ്ധത്തിന് കാരണമാവുമെന്ന് നേരത്തെ റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല