നോര്‍ത്തേണ്‍ ആയര്‍ലാന്‍ഡില്‍ വ്യാജകല്ല്യാണം നടക്കുന്നതായുള്ള വിവരം ലഭിച്ച് യഥാര്‍ത്ഥ വിവാഹം തടഞ്ഞ പോലീസ് നാണംകെട്ടു. 24കാരനായ നീല്‍ മകെല്‍വി, 19കാരിയായ ചൈനീസ് വധു യാനാന് സുന് എന്നിവര്‍ തമ്മില്‍ നടക്കേണ്ടിയിരുന്ന വിവാഹമാണ് ഒരു ഊമക്കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് തടഞ്ഞത്. തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പോലീസ് സര്‍വ്വീസ് മാപ്പുപറഞ്ഞു.
വിവാഹച്ചടങ്ങ് പൂര്‍ത്തീകരിക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കവെയാണ് പോലീസ് വിവാഹം തടഞ്ഞത് ചോദ്യം ചെയ്യലിനായി അറസ്റ്റ് ചെയ്തത്. അഞ്ചര മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയെയും, തന്നെയും സംഭവം വല്ലാതെ തകര്‍ത്തതായി നീല്‍ പറഞ്ഞു. മോശമായ രീതിയിലുള്ള പെരുമാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പരാതിപ്പെട്ടു. മാപ്പ് പറച്ചിലില്‍ പ്രശ്നം തീരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരനെയും , വധുവിനെയും കൂടാതെ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഒരു സ്ത്രീയെ യുകെബിഎ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് സംബന്ധിച്ച സംശയങ്ങളെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല