സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം; യുകെയില്‍ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത സ്വീകരണം. കോമണ്‍വെല്‍ത്ത് രാഷ്ട്രനേതാക്കളുടെ സമ്മേളനത്തിനായി ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് മുമ്പെങ്ങും കാണാത്ത തരത്തിലുള്ള സ്വീകരണമന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റിന് മാത്രം നല്‍കുന്ന തരത്തിലുള്ള സ്വീകരണമാണ് ബ്രിട്ടന്‍ മോദിക്കായി ഒരുക്കിയിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഇംഗ്ലണ്ടിലെത്തുന്നത്. സമ്മേളനത്തിന് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് ക്ഷണം ലഭിച്ച ഏക നേതാവാണ് മോദി. വ്യാഴാഴ്ചത്തെ ഉച്ചകോടിക്ക് മുന്നോടിയായി ബുധനാഴ്ച മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും രണ്ടു തവണ ചര്‍ച്ചകള്‍ നടത്തും. തെരേസാ മേ മേദിക്കായി അത്താഴവിരുന്നും ഒരുക്കും.
മോദിയടക്കം മൂന്ന് രാഷ്ട്രനേതാക്കള്‍ക്ക് മാത്രമെ ബ്രിട്ടീഷ് രാജ്ഞിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതിയുള്ളു. രാജ്ഞിയും ഇവര്‍ക്കായി വിരുന്നൊരുക്കുന്നുണ്ട്. ചാള്‍സ് രാജകുമാരനും ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി പ്രത്യേക വിരുന്ന് ഒരുക്കുന്നുണ്ട്. ഇന്ത്യയുകെ സാങ്കേതിക സഹകരണത്തിന്റെ പ്രതീകമായി ടാറ്റാ മോട്ടോഴ്‌സ് ഇറക്കിയ ആദ്യ ഇലക്ട്രിക് ജാഗ്വാറില്‍ ചാള്‍സ് രാജകുമാരന്‍ യാത്ര നടത്തും.
സ്വീഡനില്‍ നിന്ന് ഇംഗണ്ടിലെത്തുന്ന മോദി ബുധനാഴ്ച രാവിലെയാണ് തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തുന്നത്. തുടര്‍ന്ന് ലണ്ടനിലെ സയന്‍സ് മ്യൂസിയം മോദി സന്ദര്‍ശിക്കും. മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്ക് നല്‍കിയതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ സ്വീകരണമാണ് ഇക്കുറി ബ്രിട്ടന്‍ ഒരുക്കുന്നതെന്നും ഇന്ത്യായുകെ സഹകരണം പുതിയ തലത്തിലെത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല