അഭിവന്ദ്യ മെത്രാന്‍ മാര്‍ പോള്‍ ആലപ്പാട്ട് പിതാവ് വായിച്ചറിയാന്‍, നാട്ടില്‍ തിരികെചെന്ന് മറ്റു മെത്രാന്‍മാരോടും കര്‍ദിനാള്‍മാരോടും ഒക്കെ പറഞ്ഞറിയിക്കുവാനും സാദാ (ക്രിസ്ത്യാനി) മലയാളിയുടെ ഒരു തുറന്ന കത്ത്.
അഭിവന്ദ്യ മെത്രാന്‍ തിരുമനസ്സേ, അങ്ങ് ഉള്‍പ്പെടെ ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ യു കെ സന്ദര്‍ശിച്ച ഒരു ഡസനോളം പിതാക്കന്മാര്‍ ഊന്നിപ്പറഞ്ഞ,സഭയുടെയും വിശ്വാസ സമൂഹത്തിന്റെയും ആവശ്യകതയെ ഉപോല്‍ബലകമാക്കി ഒരിത്തിരിക്കാര്യം ഒന്ന് കേള്‍ക്കാന്‍ ദയവുണ്ടാകണേ:
അതെയതെ,സഭയും വിശ്വാസ സമൂഹവും കാലഘട്ടത്തിന്റെ ആവശ്യം തന്നെ. ആര്‍ക്കുവേണ്ടി എന്ന ചോദ്യം ഉത്തരം തേടുമ്പോഴാണ് പ്രശ്നം. വൈദികരുടെയും, സഭയെന്ന വ്യവസായ പ്രസ്ഥാനത്തെ ചുറ്റിപ്പറ്റി ജീവിയ്ക്കുന്ന കുറെ പരാന്നഭോജികളുടെയും നിലനില്‍പ്പിന്റെ ആവശ്യം എന്ന് തിരുത്തി വായിക്കുകയാണെങ്കില്‍ ശരിയാകും.
മാര്‍ത്തോമ്മാ എന്നോ, ലത്തീന്‍ എന്നോ, സുറിയാനി എന്നോ ഒക്കെ പറഞ്ഞൊരു സഭയും യേശുക്രിസ്തു ഉണ്ടാക്കിയതായി ബൈബിളില്‍ പറയുന്നില്ല. എല്ലാം വ്യാവസായികമായി വളര്‍ത്തിയെടുക്കപ്പെട്ടതോ അല്ലെങ്കില്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ നേടാന്‍ വിഘടിപ്പിച്ചു വളര്‍ത്തിയതോ ആയവയാണ് എന്നതാണ് സത്യം.പണത്തിനു മൂല്യമുള്ള വിദേശ മലയാളികളെത്തേടി വൈദികരും സുവിശേഷകരും എത്തുന്നതില്‍ വരുമാനം എന്ന ഒരൊറ്റ ചിന്തയല്ലാതെ മറ്റൊന്നുണ്ടാകും എന്ന് വിശ്വസിയ്ക്കുക “ഇന്ന്” സാധ്യമല്ല. കാരണം, പാവം വിദേശ മലയാളിയുടെ സാമ്പത്തികപരാധീനതയുള്ള ജീവിതത്തിലേയ്ക്കു തുടര്‍ച്ചയായി പലവിധത്തിലും രൂപത്തിലും ഭാവത്തിലുമുള്ള സുവിശേഷപ്രവര്‍ത്തകരുടെ കടന്നുകയറ്റം, അധിനിവേശം തന്നെ.എന്തുകൊണ്ടാണ് ഈ വചന പ്രഘോഷകര്‍ ആഫ്രിക്കയിലേക്ക് വിമാനം കയറാത്തത്.അവിടുത്തെ മലയാളികള്‍ക്ക് വിശ്വാസ നിറവ് ആവശ്യമില്ലേ ?
ഇനി ഏത് വിഭാഗം മലയാളി വൈദികരോടാണ് വിശ്വാസി സമൂഹം ചേര്‍ന്ന് നില്‍ക്കേണ്ടത്.കത്തോലിക്കാ, മാര്‍ത്തോമ്മാ അഥവാ സീറോ മലബാര്‍ കത്തോലിയ്ക്കാ, പിന്നെ അല്ലാത്ത കത്തോലിയ്ക്കാ, ലത്തീന്‍ കത്തോലിയ്ക്കാ, മലങ്കര കത്തോലിയ്ക്കാ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ എന്ന് വേണ്ട ഒടുക്കം പെന്തക്കൊസ്തുകാര്‍ക്ക് ശേഷം യഹോവാ സാക്ഷികളും മോമന്‍ ക്രിസ്ത്യാനികളും വരെ എത്തി നില്‍ക്കുന്ന, (വളരുന്തോറും പിളരുകയും, പിളരുന്തോറും വളരുകയും ചെയ്യുന്ന പുരോഹിത വര്‍ഗ്ഗത്തിന്റെ നേര്‍ക്കാഴച്ചയാണീ കപട പ്രവാസി പ്രേമം.) നില്‍ക്കുന്നിടം കുഴിയ്ക്കുകയോ, ഇരിയ്ക്കുന്ന കൊമ്പു വെട്ടുകയോ ഒക്കെയാണീ പ്രവര്‍ത്തിയുറെ പരിണതഫലം എന്ന് മനസ്സിലാക്കിത്തുടങ്ങുമ്പോള്‍ വളരെ വൈകിപ്പോയിരിയ്ക്കും ഈ സമൂഹം.
നാട്ടിലെ പള്ളികളില്‍ നല്ലൊരു വിഹിതം അവധിയ്ക്ക് ചെല്ലുമ്പോള്‍ എത്തിച്ചുകൊണ്ടിരിയ്ക്കുന്ന പാവം വിദേശ മലയാളി ക്രിസ്ത്യാനിയെ പിഴിയാന്‍ വന്നു പോയ, വീണ്ടും വരാന്‍ കച്ച കെട്ടിയിരിയ്ക്കുന്ന, ഇവിടെ ഒട്ടകത്തിനു സ്ഥലം കൊടുത്ത കഥയെ ഓര്‍മ്മിപ്പിയ്ക്കുമാറുള്ള കെട്ടിക്കിടപ്പുകാരും ഇനിയും വരാനിരിരിയ്ക്കുന്നവരും ഒക്കെ ഓര്‍ക്കുക, ഇവിടെയും നിങ്ങളെപ്പോലെ തന്നെയുള്ള വൈദികരുണ്ട്, സുവിശേഷപ്രവര്‍ത്തകരുമുണ്ട്.വ്യത്യാസം അവര്‍ ഒരുപിടിച്ചു പറിയ്ക്കും വരാറില്ല എന്ന് മാത്രമല്ല, മലയാളിയാണ് എന്ന കാരണത്താല്‍ സഭാച്ചര്യകളില്‍ വേര്‍തിരിവ് കാണിയ്ക്കാറുമില്ല. നിങ്ങള്‍ക്കുള്ള പ്രാദേശിക, സംഘടനാതല വ്യത്യാസങ്ങളൊന്നും കൂടാതെ അവര്‍ പ്രവര്‍ത്തിയ്ക്കാറുമുണ്ട് താനും.
ദയവായി ഒരപേക്ഷയുണ്ട്, ഇവിടെ വന്നത് നാട്ടില്‍ നില്‍ക്കാന്‍ വഴിയില്ലാഞ്ഞിട്ടാ… പിഴച്ചു പൊയ്ക്കോട്ടെ ഞങ്ങള്‍ വല്ലവിധേനയും.
ഇവിടെ വന്നു സഭയുടെയും പാരമ്പര്യത്തിന്റെയും, ഭാഷയുടെയും മറ്റു തരാം തിരിവുകളുടെയും പേരില്‍ ആദ്യം മലയാളികള്‍ തമ്മിലും പിന്നെ മറ്റുള്ളവരുമായും ഒക്കെ (ഇതിനാണ് ഈ റേസിസം എന്ന് പറയുന്നതേ!) സ്പര്‍ധയുണ്ടാക്കാതെ മനുഷ്യരായി ഞങ്ങളെ ജീവിയ്ക്കാനനുവദിയ്ക്കണം. പ്ലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല