1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2018

അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ലണ്ടന്‍ റീജണിലെ സ്റ്റീവനേജ് മിഷനില്‍ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം തങ്ങളുടെ മൂന്നാം ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാനയും, മതബോധന പരിശീലനവും, പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രുഷകളും ഭക്ത്യാദരപൂര്‍വ്വം നടത്തി.ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ സഹകാരിയും, വെസ്റ്റ്മിനിസ്റ്റര്‍ ചാപ്ലയിനുമായ സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

ഭാരതത്തില്‍ അടുത്തിടകളിലായി രാജ്യത്തിനും, മാനവികതക്കും അപമാനവും,അതിക്രൂരവുമായ ബാല പീഢനങ്ങളും,അതിക്രമങ്ങളും, കൊലപാതകങ്ങളും വര്‍ദ്ധിച്ചു വരുന്നതിലും, ഇരകള്‍ക്കു നീതി ലഭിക്കുന്നതില്‍ ധാര്‍മ്മികമായ ഉത്തരവാദിത്വം എടുക്കേണ്ട അധികാര വര്‍ഗ്ഗം നിസ്സംഗത പുലര്‍ത്തുന്നതിലും, പ്രതികള്‍ക്കു സംരക്ഷണം നല്‍കുന്നതായി സംശയങ്ങളുണരുന്ന ആപല്‍ക്കരമായ സാഹചര്യം നിലവില്‍ ഉള്ളതിലും പാരീഷംഗങ്ങളുടെ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു.

കുര്‍ബ്ബാനയ്ക്ക് ശേഷം ചേര്‍ന്ന പാരീഷ് യോഗത്തില്‍ ആശിഫ അടക്കം നിരവധി കുഞ്ഞുങ്ങള്‍ ക്രൂരമായി അക്രമിക്കപ്പെടുന്നതില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയ സമൂഹം അധികാര വര്‍ഗ്ഗത്തിന്റെ ശക്തമായ നിലപാടുകള്‍ ഇക്കാര്യത്തില്‍ എടുക്കണമെന്നും ജീവനും, വിശ്വാസത്തിനും, സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ പ്രതിജ്ഞാബദ്ധരായ സര്‍ക്കാര്‍ അനുകൂല നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം എന്നും ചാമക്കാല അച്ചന്‍ തന്റെ ഹൃസ്യ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. പൈശാചികവും, മൃഗീയവുമായ ലൈംഗിക പീഡനങ്ങള്‍ക്കു ഇരയായവര്‍ക്കു നീതി ലഭിക്കുവാനും,സ്‌നേഹവും ഐക്യവും, മതേതരത്വവും സമാധാനവും വിളയുന്ന ഭാരത സംസ്‌കാരത്തിലേക്ക് രാജ്യത്തിന് തിരിച്ചെത്തുവാന്‍ സാധിക്കട്ടെയെന്ന് ആശംശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ആശിഫയുടെയും മറ്റുമായി നിരവധി പ്ലാക്കാര്‍ഡുകള്‍ ഏന്തിയും കത്തിച്ച മെഴുതിരി വഹിച്ചും നടത്തിയ ഐക്യദാര്‍ഢ്യ പ്രഖ്യാപനം വിശ്വാസികളുടെ ആല്മീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വളരെ ശ്രദ്ധേയവും മാനുഷികവും ആയി.

പാരീഷ് കമ്മിറ്റി മെമ്പര്‍ പ്രിന്‍സണ്‍ പാലാട്ടിവില്‍ത്സി ദമ്പതികളുടെ മോള്‍ പ്രാര്‍ത്ഥനാ മരിയാ പ്രിന്‍സനെ ദേവാലയ പ്രവേശന ശുശ്രുഷകള്‍ നടത്തി വിശുദ്ധ കുര്‍ബ്ബാനക്ക് ആമുഖമായി ചാമക്കാല അച്ചന്‍ പാരീഷ് ഗണത്തിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം നേര്‍ന്നു. വിശുദ്ധബലിയുടെ സമാപനത്തില്‍ കേക്ക് മുറിച്ചു വിതരണം ചെയ്തു കൊണ്ട് സന്തോഷം പങ്കിടുകയും ചെയ്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.