സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു ലഭിക്കുന്ന എച്ച് 1 ബി വീസകളില്‍ വന്‍ ഇടിവ്; കുടിയേറ്റ നിയന്ത്രണവും ജീവനക്കാരെ വെട്ടിക്കുറക്കലും വിനയാകുന്നു. ഇന്ത്യയിലെ ഏഴു പ്രമുഖ ഐടി കമ്പനികളുടെ വീസകളില്‍ 43% ഇടിവുണ്ടായി. ക്ലൗഡ് കംപ്യൂട്ടിങ്, നിര്‍മിത ബുദ്ധി (എഐ) തുടങ്ങിയവ വ്യാപകമായതോടെ ജീവനക്കാര്‍ കുറച്ചു മതി എന്നതാണ് ഇടിവിനു കാരണമെന്നു ‘നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി’ റിപ്പോര്‍ട്ടില്‍ പറയുന്നു.
2015ല്‍ ഏഴ് ഇന്ത്യന്‍ കമ്പനികള്‍ക്കായി 14,729 വീസകള്‍ ലഭിച്ചപ്പോള്‍ 2017ല്‍ ഇതേ കമ്പനികള്‍ക്കു ലഭിച്ചത് 8468 വീസ മാത്രം. ഇതില്‍ ടെക് മഹീന്ദ്രയ്ക്കു മാത്രമാണു കൂടുതല്‍ വീസ ലഭിച്ചത്. കുടിയേറ്റ നിയന്ത്രണം കര്‍ശനമാക്കുന്നതോടെ കൂടുതല്‍ ജോലികള്‍ യുഎസിനു പുറത്തേക്കു നീങ്ങുന്ന സ്ഥിതിയുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതിനിടെ എച്ച്1ബി വീസയുള്ളവരുടെ പങ്കാളികളെ യുഎസില്‍ ജോലിചെയ്യുന്നതു വിലക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തോടു ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പ്രതിഷേധമറിയിച്ചു. എച്ച് 4 വീസയുള്ളവര്‍ക്കു വര്‍ക് പെര്‍മിറ്റ് നിഷേധിക്കാനാണു പുതിയ നീക്കം.
ആയിരക്കണക്കിനു ജോലിക്കാരെ ഒഴിവാക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നു ഫെയ്‌സ്ബുക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവ ഉള്‍പ്പെടുന്ന സിലിക്കോണ്‍ ആസ്ഥാന ഐടി കമ്പനിക്കൂട്ടായ്മ ‘എഫ്ഡബ്ല്യുഡി യുഎസ്’ മുന്നറിയിപ്പുനല്‍കി. പുതിയ നീക്കത്തിനെതിരെ അന്ന ഇഷൂ, രാജാ കൃഷ്ണമൂര്‍ത്തി ഉള്‍പ്പെടെയുള്ള യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും രംഗത്തുവന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല