സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയയുടെ പേടിസ്വപ്നമായ പരമ്പര കൊലയാളി 40 വര്‍ഷത്തിനുശേഷം പിടിയില്‍. 72 കാരനായ മുന്‍ പൊലീസ് ഓഫിസര്‍ ജോസഫ് ജെയിംസ് ഡി ആഞ്ചലോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1970കളിലും 80കളിലും കാലിഫോര്‍ണിയയിലെ എട്ട് മേഖലകളിലായി നടന്ന 12 കൊലപാതകങ്ങളുടെയും 50 ഓളം ബലാത്സംഗങ്ങളുടെയും നിരവധി കവര്‍ച്ചകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച ജോസഫ് ജെയിംസ് ഡി ആഞ്ചലോയായിരുന്നു.
ഏതാനും ദിവസങ്ങളായി അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു ഡി ആഞ്ചലോ. ഡി.എന്‍.എ പരിശോധനയില്‍ കുറ്റകൃത്യവുമായി ഇയാള്‍ക്കുള്ള ബന്ധം തിരിച്ചറിഞ്ഞ പൊലീസ് ചൊവ്വാഴ്ച ഇയാളുടെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ‘ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലര്‍’, ‘ഈസ്റ്റ് ഏരിയ റേപ്പിസ്റ്റ്’ തുടങ്ങി നിരവധി അപരനാമങ്ങളും ഇയാള്‍ക്കുണ്ടായിരുന്നു. എട്ട് കൊലപാതകക്കേസുകളാണ് നിലവില്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കാലിഫോര്‍ണിയയില്‍ പൊലീസ് ഉദ്യോഗസ്ഥനായും കുറ്റവാളിയായും ഇരട്ടജീവിതമായിരുന്നു ഡി ആഞ്ചലോ നയിച്ചിരുന്നത്. രാത്രിസമയങ്ങളില്‍ ജനാലക്കരികെ പതുങ്ങിനിന്ന് 13 നും 41നും ഇടയില്‍ പ്രായമുള്ളവരെ പേടിപ്പിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. 1973 മുതല്‍ 1976വരെ നേവിയില്‍ പൊലീസ് ഓഫിസറായി സാന്‍ ജാക്വിലിന്‍ വാലിയില്‍ ജോലി ചെയ്യുമ്പോഴും മറ്റു സ്ഥലങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല