2011ല്‍ ഭവനവില ഇടിയുമോ? ആശങ്കകള്‍ മാത്രമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു ബാക്കിയുള്ളത്. ശുഭാപ്തിവിശ്വാസം പുലര്‍ത്താം നമുക്കെല്ലാം. എങ്കിലും പറയട്ടെ, വില ഇടിയുക തന്നെ ചെയ്യുമെന്നാണ് സാധ്യതകളെല്ലാം വ്യക്തമാക്കുന്നത്.
പ്രോപ്പര്‍ട്ടി പോര്ട്ടലായയ റെറ്റ്മൂവ് കഴിഞ്ഞ മാസം പുതിയ ഹൗസ് പ്രൈസ് ഇന്‍ഡക്സ് പ്രസിദ്ധീകരിച്ചിരുന്നു. അവസാനത്തെ ആറു മാസത്തില്‍ അഞ്ചിലും വില്പനക്കാര് മൂന്നു ശതമാനം വരെ (ശരാശരി 7000 പൗണ്ട്) താഴ്ത്തിയാണ് മതിപ്പുവില ചോദിച്ചത്. അത്രയ്ക്കായിരുന്നു വില്പനക്കാര് നേരിട്ട സമ്മര്‍ദ്ദം.
റെറ്റ്മൂവിന്റെ കണക്കുകള്‍ പ്രകാരം ജൂലായ് മുതല്‍ വിലയില്‍ 6.5 ശതമാനം ഇടിവു വന്നിട്ടുണ്ട്. നടപ്പുവര്‍ഷം വീണ്ടുമൊരു അഞ്ചു ശതമാനം കൂടി വിലയിടിയുമെന്നാണ് റെറ്റ്മൂവ് പറയുന്നത്. റീപൊസഷനുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാകുമെന്ന നിഗമനത്തിലാണ് ഈ അഭിപ്രായപ്രകടനം. റീപൊസഷന്‍ കാര്യമായി ഉയര്‍ന്നില്ലെങ്കില്‍ 2011ല്‍ ഭവനവില കാര്യമായ മാറ്റമില്ലാതെ തുടരുമെന്നാണ് റൈറ്റ്മൂവ് പറയുന്നത്. സാവില്‍സ്, ഹാംപ്റ്റണ്‍സ്, സിബിആര്‍ഇ എന്നിവരും സമാനമായ കണക്കുകൂട്ടലില്‍ തന്നെയാണ്.
എല്ലാവരും വില ഇടിയുമെന്നു തന്നെ പറയുമ്പോള്‍ അതില്‍ യാഥാര്ത്ഥ്യമെന്തെങ്കിലും കാണാതിരിക്കില്ലല്ലോ.
ബില്‍ഡിംഗ് സൊസൈറ്റീസ് അസോസിയേഷന്റെ പുതിയ പ്രോപ്പര്‍റ്റി ട്രാക്കര്‍ ഇന്‍ഡെക്്സ് തന്നെ ഒരു ദിശാസൂചകമാണ്. 38 ശതമാനം ആള്ക്കാര് കരുതുന്നത് തങ്ങളുടെ ചുറ്റുപാടുമെല്ലാം പ്രോപ്പര്‍റ്റി വില വല്ലാതെ ഉയര്‍ന്നിരിക്കുന്നുവെന്നാണ്. അടുത്തൊരു 25 ശതമാനം കരുതുന്നത് 10 ശതമാനത്തോളം പ്രോപ്പര്‍റ്റി വില വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്. ചുരുക്കത്തില്‍ 63 ശതമാനം പേര് കരുതുന്നത് പ്രോപ്പര്‍റ്റി വില കൂടുതല്‍ തന്നെയെന്നാണ്. അതിനാല്‍, വാങ്ങാന്‍ നില്ക്കുന്നവര് നല്ലതുപോലെ വില താഴ്ന്നുവെന്ന് ഉറപ്പുകിട്ടാതെ പോക്കറ്റിലെ പണമിറക്കാന്‍ മെനക്കെടില്ല.
ഇനി കൗണ്‍സില്‍ ഒഫ് മോര്‍ട്ട്ഗേജ് ലെന്ഡേഴ്സിനു പറയാനുള്ളതെന്തെന്നു കേള്‍ക്കാം. കഴിഞ്ഞ ഏതാനും മാസത്തെ കണക്കെടുത്താല്‍ മൊത്തം മോര്‍ട്ട്ഗേജ് ലെന്‍ഡിംഗ് ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ബാങ്കും ബില്‍ഡിംഗ് സൊസൈറ്റിയും മുഖംതിരിച്ചുനിന്നാല് വാങ്ങാന്‍ എത്തുന്നവരുടെ നില പരുങ്ങലിലാവുമല്ലോ?
മോര്‍ട്ട്ഗേജ് ലെന്‍ഡിംഗ് അടുത്തൊന്നും ഉയരുമെന്നു തോന്നുന്നില്ല. 2011ലെ മോര്‍ട്ട്ഗേജ് ലെന്‍ഡിംഗ് ഏകദേശം 135 ബില്യണ്‍ പൗണ്ടായിരിക്കുമെന്നാണ് കൗണ്‍സില്‍ ഒഫ് മോര്‍ട്ട്ഗേജ് ലെന്‍ഡേഴ്സ് കണക്കാക്കുന്നത്. 2009ല്‍ ഇത് 143 ബില്യണ്‍ പൗണ്ടായിരുന്നു. 2008ല്‍ 253 ബില്യണ്‍ ആയിരുന്നു മോര്‍ട്ട്ഗേജ് ലെന്‍ഡിംഗ് എന്നറിയുമ്പോഴാണ് എത്രത്തോളം കുറവാണ് പോപ്പര്‍ട്ടി സ്വന്തമാക്കാനുള്ള അവസരമെന്നു മനസ്സിലാവുക.
ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് തൊഴിലില്ലായ്മ, സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍, പലിശ നിരക്കിലെ വര്‍ദ്ധന എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍. ഫലത്തില്‍ വില ഇടിയാനേ സാദ്ധ്യതയുള്ളൂ.
എങ്കിലും, വില ഉയരുമെന്നു കരുതുന്നവര്‍ക്കു പറയാനുള്ളത് മറ്റു ചിലതാണ്. ഒരു വീട് എന്നത് യുകെ നിവാസികള്‍ക്കെല്ലാം ഒരു അത്യാവശ്യ ഘടകം പോലെയാണ്. അതിനാല്‍ ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും ഒരു വീട് സ്വന്തമാക്കുമെന്ന് ഉറപ്പാണ്.
ബിഎസ്എ നടത്തിയ സര്‍വേയില്‍ 59 ശതമാനം പേര് പറഞ്ഞത് സാഹചര്യമെല്ലാം ഒത്തുവന്നാല്‍ ഇക്കൊല്ലമല്ലെങ്കില്‍ അടുത്ത കൊല്ലം വീടുവാങ്ങുമെന്നാണ്. വിവധ ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തിലും താരതമ്യേന വര്‍ദ്ധന കാണുന്നുവെന്ന് നാഷണല്‍ അസോസിയേഷന് ഒഫ് റിയല്‍ എസ്റ്റേറ്റ് ഏജന്റ്സും പറയുന്നു.
നാഷണല്‍ ഹൗസിംഗ് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം യുകെയില്‍ ഒരു മേഖലയിലും ആവശ്യത്തിനു വീടുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാനായിട്ടില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ വാങ്ങാനാളില്ലാതെ കിടക്കുന്ന വീടുകള്‍ പോലും ആവശ്യവുമായി തട്ടിക്കുമ്പോള്‍ അധികമല്ല.
ഇതൊക്കെ സാദ്ധ്യതകള്‍ മാത്രമാണ്. സമാനമായൊരു സാദ്ധ്യതയാണ് യുകെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയെല്ലം മറികടന്ന് വളര്ച്ചിയിലേക്ക് കുതിച്ച് ഭവനവിലയും കുതിക്കുമെന്നത്. അതെല്ലാം സാദ്ധ്യതകള്‍ മാത്രമാണ്. നമുക്കുമുന്നില്‍ ഇപ്പോഴുള്ളത് യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് വില താഴ്ന്നുനില്ക്കുമെന്നു തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല