സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ സഹായങ്ങളുടെ പെരുമഴയെന്ന് യുഎസ്. ഉത്തര കൊറിയന്‍ സമ്പദ്‌വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ നിരവധി സഹായങ്ങളാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പംപെയോ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 12 ന് സിംഗപ്പൂരില്‍ വച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച. അതേസമയം, ചര്‍ച്ചയ്ക്ക് മുമ്പ് വടക്കന്‍കൊറിയയ്ക്ക് മേലുള്ള ഉപരോധം പൂര്‍ണ്ണമായും നീക്കില്ലെന്ന് പാംപെയോ വ്യക്തമാക്കി. വാഷിംഗ്ടണും ഉത്തരകൊറിയയും തമ്മില്‍ കാലങ്ങളായി തര്‍ക്കം തുടരുന്ന ആണവായുധ വിഷയം തന്നെയാവും ട്രംപും ഉന്നും തമ്മിലുളള ചര്‍ച്ചയിലെ ശ്രദ്ധാ വിഷയം.
ഉത്തര കൊറിയയുമായി നടത്തുന്ന ചര്‍ച്ച വിജയമല്ലെന്നു തോന്നിയാല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുമെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയ തങ്ങളുടെ അണുവായുധങ്ങള്‍ പൂര്‍ണ്ണമായും നിര്‍വീര്യമാക്കാന്‍ തയ്യാറാവുമോ എന്നതും, തയ്യാറായാല്‍ തന്നെ അമേരിക്കയോട് പകരം എന്തു ചോദിക്കുമെന്നതുമാണ് ഈ കൂടിക്കാഴ്ചയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല