നമ്മുടെ നൂറാം ജന്മ ദിനത്തിന്റെ ആഘോഷങ്ങള്‍ക്ക് സ്വന്തമായി കാറോടിച്ചു വരുകയെന്നത് ആര്‍ക്കെങ്കിലും സ്വപ്നം കാണാന്‍ സാധിക്കുമോ ?അല്‍പം അത്യാഗ്രഹമല്ലേ എന്ന് നമ്മളില്‍ പലരും ചിന്തിച്ചു പോകുന്ന ഇക്കാര്യം സാധിച്ചിരിക്കുകയാണ് ബോണ്‍മോത്തില്‍ നിന്നുള്ള പെഗ്ഗി ഹോവല്‍ എന്ന മുതുമുത്തശ്ശി.ഇക്കഴിഞ്ഞദിവസം നടന്ന സെഞ്ചുറി ആഘോഷങ്ങള്‍ക്ക് പെഗ്ഗിയെത്തിയത് തന്‍റെ സ്വന്തം കാറായ ഡെയിഹട്സു സിറിയോന്‍ ഓടിച്ചു കൊണ്ടാണ്.
കഴിഞ്ഞ 85 വര്‍ഷമായി ഒരു ക്ലെയിം പോലും ഉണ്ടാക്കാതെ വണ്ടിയോടിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അത്ഭുതമായിരിക്കുകയാണ് പെഗ്ഗി ഹോവല്‍.ഈ വര്‍ഷത്തെ റിന്യൂവല്‍ പ്രീമിയം 700 പൌണ്ടാക്കി കൂട്ടി മുത്തശ്ശിയെ പറ്റിക്കാന്‍ ചെറിയൊരു ശ്രമം കമ്പനിക്കാര്‍ നടത്തി.85 വര്‍ഷത്തെ നോ ക്ലെയിം സ്വന്തമായുള്ള പെഗ്ഗിയുണ്ടോ വിടുന്നു.നേരെ കമ്പനിക്ക് പരാതി അയച്ചു.ഇന്‍ഷുറന്‍സ് കമ്പനിയാകട്ടെ മുത്തശ്ശിയുടെ ഡ്രൈവിംഗ് നേരിട്ട് കണ്ടാല്‍ മാത്രമേ പ്രീമിയം കുറയ്ക്കുകയുള്ളൂ എന്ന വാശിയിലും.ഒടുവില്‍ അവര്‍ അയച്ച ഡ്രൈവിംഗ് പരിശീലകനെ വെറും കാഴ്ച്ചക്കാരനാക്കി പെഗ്ഗി പയറുപോലെ കാറോടിച്ചു.ഫലം പ്രീമിയം ഇരുന്നൂറു പൌണ്ട് കുറഞ്ഞു.
തനിക്കറിയാവുന്ന വഴികളില്‍ കൂടി സ്വയം ഡ്രൈവ് ചെയ്തു പോകാന്‍ ഇഷ്ട്ടപ്പെടുന്ന പെഗ്ഗിയുടെ അറിയാത്ത സ്ഥലത്തേക്കുള്ള യാത്രകള്‍ ബസിലാണ്.ഇതിനായി തനിക്കുള്ള ഫ്രീ ബസ് പാസും അവര്‍ ഉപയോഗിക്കുന്നു.രാത്രിയിലെ ഡ്രൈവിങ്ങും മോട്ടോര്‍ വേയും ഒഴിവാക്കുന്ന മുത്തശ്ശി കൂടെയിരിക്കുന്നയാള്‍ വഴി പറഞ്ഞു തരാന്‍ തയ്യാറായാല്‍ എവിടെയും പോകാന്‍ തയ്യാറാണ്.92 വയസില്‍ ബോസ്കോമ്പില്‍ നിന്നും ബോണ്‍മോത്തിലേക്ക് സൈക്കിള്‍ ചവിട്ടി ചാരിറ്റിക്ക് വേണ്ടി 800 പൌണ്ട് സ്വരൂപിച്ച ഈ മുതുമുത്തശ്ശി താന്‍ താമസിക്കുന്ന ഗ്ലെന്‍മൂര്‍ റോഡിലെ നിവാസികളുടെ അഭിമാനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല