ബാലസജീവ് കുമാര്‍: വര്‍ഷങ്ങളായി യുക്മ സ്റ്റാര്‍ സിംഗറിന്റെ അവസാനത്തോട് അനുബന്ധിച്ച് യുക്മ നടത്തിവരാറുള്ള, മലയാളത്തിലെ പ്രശസ്ത കലാകാരന്മാരെ ഉള്‍പ്പെടുത്തിയുള്ള പ്രോഗ്രാമിന് ഇക്കുറിയും ലെസ്റ്റര്‍ അഥീന യില്‍ ഈ ശനിയാഴ്ച വേദി ഉണരുകയാണ്. മലയാളത്തിന്റെ വാനമ്പാടിയായ കെ എസ് ചിത്ര, പുതുയുഗ ഗായകനായ വിനീത് ശ്രീനിവാസന് എന്നിവര്‍ക്ക് ശേഷം, യു കെ മലയാളികളുടെ അഭിരുചിയറിഞ്ഞു ഏറ്റവും മികച്ചത് മാത്രം സമ്മാനിക്കുന്ന യുക്മ ഒരുക്കുന്നത് മെലഡി ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ ജി വേണുഗോപാലിന്റെ നേതൃത്വത്തില്‍ എത്തുന്ന മെലഡി സംഗീതവും, അടിപൊളി പാട്ടും, നൃത്തവും, മാജിക്കും ഒക്കെ ചേര്‍ത്ത് ആസ്വാദ്യ സുന്ദരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന വേണുഗീതം പ്രോഗ്രാമാണ്. ജി വേണുഗോപാലിനൊപ്പം, വൈഷ്ണവ് ഗിരീഷ്, സാബു തിരുവല്ല, അമൃത വാര്യര്‍, മഞ്ജു, പാടും പാതിരി ഫാദര്‍ വിത്സണ് മേച്ചേരില്‍, തുടങ്ങിയ കലാകാരന്മാര് അണിനിരക്കുന്ന വ്യത്യസ്തമായ ഒരു കലാവിരുന്നാണ് ലെസ്റ്റര്‍ അഥീനയില്‍ മെയ് 26 ന് ആസ്വാദകരെ കാത്തിരിക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുക്മ നടത്തിവരാറുള്ള യുക്മ ഗര്‍ഷോം ടി വി സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമിന്റെ സമാപനത്തോടനുബന്ധിച്ച് ആണ് യുക്മയുടെ സ്റ്റേജ് പ്രോഗ്രാം അരങ്ങേറാറുള്ളത് എന്നത് അറിവുള്ളതാണല്ലോ. എന്നാല്‍ ആസ്വാദകര്‍ക്ക് വിരസത ഉളവാക്കുന്ന മറ്റു പരിപാടികള്‍ ഒഴിവാക്കി വൈകിട്ട് ആറുമണിമുതല്‍ പത്തു മാണി വരെ വേണുഗീതം പരിപാടി മാത്രം നടത്താനും, യുക്മ സ്റ്റാര്‍ സിംഗര്‍ ഗ്രാന്റ് ഫിനാലെ അതിന് മുമ്പ് രണ്ട് മണി മുതല്‍ നടത്താനുമാണ് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു മത്സരത്തിലെ വിജയികളെ മാന്യമായി അനുമോദിക്കുക എന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനവും മാര്‍ഗ്ഗദര്‍ശകവും ആയതുകൊണ്ട് മുന്‍കൂട്ടി അറിയിച്ചിട്ട് വേണുഗീതം തീരാന്‍ ഒരു പാട്ടു മാത്രം ബാക്കിയുള്ളപ്പോള്‍ വിജയികള്‍ക്ക് സമ്മാനദാനവും, അവരുടെ അവസാന മത്സരത്തിലെ പ്രകടനം നടത്താനുള്ള വേദിയും സഹൃദയരുടെ സഹകരണത്തോടെ യുക്മ ഒരുക്കുന്നതാണ്.
ലെസ്റ്റര്‍ അഥീനയില്‍ യുക്മ ഒരുക്കുന്ന വേണുഗീതം കേവലം ഒരു സംഗീത സായാഹ്നം മാത്രമല്ല, കുടുംബത്തോടെ ഒന്നിച്ചാനന്ദിക്കുവാനും, ഓര്‍മ്മയുടെ ചെപ്പുകളില്‍ സൂക്ഷിക്കുവാനും കഴിയുന്ന നിമിഷങ്ങളും കൂടിയാണ്. ശുദ്ധ സംഗീതവും, അടിച്ചുപൊളി പാട്ടും, ബോളിവുഡ് ഗാനങ്ങളും, സിനിമാറ്റിക് ഡാന്‍സുകളും, മാജിക്കും, കോമഡിയും എല്ലാം അവസരോചിതമായി സംവിധാനം ചെയ്ത് ഇടതടവില്ലാതെ അവതരിപ്പിക്കപ്പെടുന്ന വേദിയാണ് വേണുഗീതം. കൂടാതെ ആകര്‍ഷകമായ നാടന്‍ (കേരളീയ)ഭക്ഷണങ്ങളും, മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്. സുഹൃത്തുക്കളെയും, കുടുംബ ബന്ധുക്കളെയും സ്വീകരിക്കുന്നതിനും, സമയം ചിലവഴിക്കുന്നതിനും സൗകര്യമുള്ള ലെസ്റ്ററിലെ അഥീന തീയേറ്ററില്‍ യുക്മ നടത്തുന്ന മൂന്നാമത്തെ പ്രോഗ്രാമാണിത്. പൂര്‍ണ്ണമായും കുടുംബസമേതം ഒരു സായാഹ്നം ചിലവഴിക്കാനുള്ള എല്ലാം ഇവിടെ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
നിരവധി കാറുകള്‍ക്കും, ബസ്സുകള്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം, വ്യക്തമായ നിര്‍ദ്ദേശങ്ങളുമായി വോളണ്ടിയര്‍മാര്‍, ലെസ്റ്ററിലെ മലയാളി സൗഹൃദത്തിന്റെ സഹായം, എല്ലാം വേണുഗീതം പരിപാടിയില്‍ ഒന്നായി ലയിക്കുകയാണ്.യു കെ യുടെ ഏതു ഭാഗത്തുനിന്നും എത്തിച്ചേര്‍ന്നാല്‍ കേന്ദ്രമായ ലെസ്റ്റര്‍ പൂര്‍ണ്ണഹൃദയത്തോടെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലെസ്റ്ററിലെ മലയാളികള്‍ അറിയിച്ചിട്ടുണ്ട്.
മുമ്പ് നടന്നിരിക്കുന്ന പ്രോഗ്രാമുകളെ പോലെ തന്നെ ലെസ്റ്റര്‍ അഥീനയിലെ യുക്മ പ്രോഗ്രാമുകളെ അവിസ്മരണീയമാക്കാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും യുക്മ മിഡ്ലാന്‍ഡ്സ് റീജിയണല്‍ കമ്മിറ്റിയും, ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയും ചേര്‍ന്ന് ഇത്തവണയും ഒരുക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, വോളന്റിയര്‍മാരും, മിതമായ വിലക്കുള്ള രുചികരമായ നാടന്‍ ഭക്ഷണ ശാലകളും, കുട്ടികള്‍ക്ക് ഉല്ലാസത്തിനുള്ള അവസരങ്ങളും എല്ലാം ഒരുക്കി തികഞ്ഞ ഉത്സവ പ്രതീതിയോടെ യുക്മ വേണുഗീതം 2018 ആഘോഷിക്കാനാണ് ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.
മൂന്ന് ശ്രേണികളിലായി മിതമായ വിലക്കാണ് യുക്മ വേണുഗീതം 2018 പ്രോഗ്രാമിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. കുടുംബവുമൊത്തുള്ള ആസ്വാദനത്തിന് ഏറ്റവും അനുയോജ്യമായ പ്രോഗ്രാമായതിനാല്‍ വി ഐ പി, ഡയമണ്ട്, ഗോള്‍ഡ് എന്നീ ശ്രേണികളില്‍ ഫാമിലി ടിക്കറ്റുകളാണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ തനിയെ വരുന്നവര്‍ക്കും സ്പെഷ്യല്‍ ക്ളാസ് ടിക്കറ്റുകള്‍ ലഭ്യമാണ്. വി ഐ പി, ഡയമണ്ട് ക്ളാസ് ടിക്കറ്റുകള്‍ പരിമിതമായതിനാലും, ആവശ്യക്കാര്‍ കൂടുതലായതിനാലും, പരിമിതമായ ടിക്കറ്റുകള്‍ മാത്രമേ ഈ ശ്രേണിയില്‍ ലഭ്യമായുള്ളു. ടിക്കറ്റുകള്‍ ലഭിക്കുന്നതിന് അടുത്തുള്ള യുക്മ അംഗമായ അസോസിയേഷന് ഭാരവാഹിയെയോ, യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസിനെയോ ( Mobile 07883068181) നാഷണല്‍ ട്രഷറര്‍ അലക്സ് വര്‍ഗ്ഗീസിനെയോ (mobile 07985641921 )ബന്ധപ്പെട്ട് പ്രവേശന അനുമതികള്‍ ലഭ്യമാക്കാവുന്നതാണ്. മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങാത്തവര്‍ക്ക് പ്രത്യേക കൗണ്ടര്‍ മുഖേന ലെസ്റ്റര്‍ അഥീനയില്‍ പ്രവേശന പാസുകള്‍ ലഭ്യമാക്കുമെങ്കിലും മുന്‍ നിരയിലെ സീറ്റുകളോ പ്രത്യേക ക്ലാസുകളോ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ സംഘാടകര്‍ക്ക് കഴിയില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നതോടൊപ്പം അവിസ്മരണീയമായ അസുലഭ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള നിങ്ങളുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
ശനിയാഴ്ച ലെസ്റ്റര്‍ അഥീന തീയറ്ററില്‍വച്ചു നടക്കുന്ന യുക്മ വേണുഗീതത്തിന്റെ വിജയത്തിനായി ഏവരുടെയും നിസീമമായ പങ്കാളിത്തം യുക്മ അഭ്യര്‍ത്ഥിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല