സ്വന്തം ലേഖകന്‍: 298 യാത്രക്കാരുമായി തകര്‍ന്നു വീണ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വീഴ്ത്തിയത് റഷ്യന്‍ മിസൈല്‍ തന്നെ. നാലു വര്‍ഷംമുമ്പ് 298 യാത്രക്കാരുമായി പോയ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം ബോയിങ് 777 (എം.എച്ച്. 17) കിഴക്കന്‍ യുക്രൈനിനു മുകളില്‍ തകര്‍ന്നുവീണത് റഷ്യന്‍ സൈന്യം തൊടുത്ത മിസൈല്‍ ഏറ്റാണെന്നുറപ്പിച്ച് അന്വേഷണസംഘം സ്ഥിരീകരിച്ചു.
ആംസ്റ്റര്‍ഡാമില്‍നിന്ന് മലേഷ്യയിലെ ക്വലാലംപുരിലേക്കു പോവുകയായിരുന്ന വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെല്ലാം അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ റഷ്യയില്‍നിന്നാണ് മിസൈല്‍ തൊടുത്തതെന്നും നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്വേഷണസംഘം പറഞ്ഞു. റഷ്യയുടെ ബക് മിസൈല്‍ ആണ് ആക്രമണത്തിനുപയോഗിച്ചതെന്ന് അന്വേഷകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
യുക്രൈനിലെ വിമത മേഖലയില്‍നിന്നാണ് മിസൈല്‍ തൊടുത്തിട്ടുള്ളതെന്നും തങ്ങളുടെ ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നുമാണ് റഷ്യയുടെ നിലപാട്. എന്നാല്‍, ബക്ടിലര്‍ മിസൈലാണ് ഉപയോഗിച്ചിട്ടുള്ളതെന്നും മിസൈല്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളടക്കം റഷ്യന്‍ സേനയുടെ ഭാഗമാണെന്നും സംയുക്ത അന്വേഷണസംഘത്തിലെ നെതര്‍ലന്‍ഡ്‌സ് ഉദ്യോഗസ്ഥന്‍ വില്‍ബര്‍ട്ട് പൗളിസെന്‍ വെളിപ്പെടുത്തി.
ലഭ്യമായ ഫോട്ടോകളും തെളിവുകളുംവെച്ച് കര്‍സ്‌ക് നഗരത്തിലുള്ള 300 പേരടങ്ങുന്ന റഷ്യയുടെ 53ാം ആന്റി എയര്‍ക്രാഫ്റ്റ് ബ്രിഗേഡിലേക്കാണ് അന്വേഷണം എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, യുക്രൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നൂറോളം പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷകര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല