സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ, ശ്രീലങ്ക ടെസ്റ്റില്‍ ഒത്തുകളിയെന്ന് അല്‍ ജസീറ ചാനല്‍; ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. പിച്ച് ഒത്തുകളിക്കാരുടെ താല്പര്യത്തിന് അനുസരിച്ച് തയ്യാറാക്കിയതാണെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് സംഭവത്തില്‍ ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം റോബിന് മോറിസ് ഇടനിലക്കാരനായാണ് ഈ ഒത്തുകളി നടന്നതെന്ന് അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മത്സരം നടന്ന ഗാലെ മൈതാനത്തിന്റെ ചുമതലക്കാരനെ പണം നല്കി വശത്താക്കിയെന്ന് ഇദ്ദേഹം തുറന്നുപറയുന്നതാണ് വീഡിയോ. സ്റ്റിംഗ് ഓപ്പറേഷന്റെ വീഡിയോ ദൃശ്യം വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് ഇതിലെ ചില ഭാഗങ്ങള്‍ കാണിച്ച് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 26 നും 29 നും ഇടയില്‍ നടന്ന ഇന്ത്യ ശ്രീലങ്ക ആദ്യ ടെസ്റ്റ് മത്സരമാണ് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.
ഗാലെ സ്റ്റേഡിയത്തിലെ അസിസ്റ്റന്റ് മാനേജര്‍ തരംഗ ഇന്റിക തനിക്ക് മൈതാനം പേസിനോ, സ്പിന്നിനോ, ബാറ്റിങിനോ അനുകൂലമാക്കി മാറ്റാനാകുമെന്ന് പറയുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യക്ക് സമ്പൂര്‍ണ്ണ ആധിപത്യം ഉണ്ടായിരുന്ന മത്സരമായിരുന്നു ഇത്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 600 റണ്‍സാണ് നേടിയത്. മൂന്നിന് 240 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
ആദ്യ ഇന്നിംഗ്സില്‍ 291 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 245 ഉം റണ്‍സ് നേടിയ ലങ്ക 304 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. അതേസമയം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ അംഗരാജ്യങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട അഴിമതി വിരുദ്ധ സമിതി പ്രതിനിധികളെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല