ടെന്റ്ബ്രിഡ്ജ്: ടെന്റ്ബ്രിഡ്ജ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി നേട്ടത്തോടെ ഇന്ത്യയുടെ വന്മതില് രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയവരുടെ കൂട്ടത്തില്‍ സുനില്‍ ഗവാസ്കറിനൊപ്പമെത്തി. ഇരുവര്‍ക്കും ഇപ്പോള്‍ 34 വീതം സെഞ്ചുറികളാണുള്ളത്. തന്റെ 155ാം മത്സരത്തിലാണ് ദ്രാവിഡ് ഈ അതുല്യ നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാനെ പാഡില്‍ സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയാണ് ദ്രാവിഡ് തന്റെ 34-ാം സെഞ്ചുറി കണ്ടെത്തിയത്. ഇതോടെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഗവാസ്കര്‍ക്കൊപ്പം പങ്കുവയ്ക്കാന്‍ ദ്രാവിഡിനായി.
ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയത് ലിറ്റില്‍ മാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കറാണ്. 51 സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്. സച്ചിന് പിറകിലായി ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും, ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കല്ലിസുമാണുള്ളത്. ഓള് ടൈം ലിസ്റ്റില്‍ 34 സെഞ്ചുറികളുള്ള വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറയ്ക്കും ഗവാസ്ക്കറിനുമൊപ്പം നാലാം സ്ഥാനത്താണ് ഇപ്പോള്‍ ദ്രാവിഡ്.
1996 ല്‍ ലോര്‍ഡ്സില്‍ അരങ്ങേറ്റം കുറിച്ച ദ്രാവിഡ് ആദ്യ ഇന്നിംഗ്സില്‍ 96 റണ്‍സ് നേടിയിരുന്നു. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ കന്നി ടെസ്റ്റില്‍ സെഞ്ചുറി അടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ ടെസ്റ്റില്‍ ലോര്‍ഡ്സില്‍ ദ്രാവിഡ് ശതകം പിന്നിട്ടിരുന്നു. ഈ വര്‍ഷം ദ്രാവിഡ് നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണ് ടെന്റ് ബ്രിഡ്ജിലേത്. നേരത്തെ വെസ്റ്റിന്‍ഡീസ് പര്യടനത്തിലും ദ്രാവിഡ് സെഞ്ചുറി നേടിയിരുന്നു. 155ടെസ്ററുകളില് നിന്നായി 52.76 ശരാശരിയോടെ 12570 ടെസ്റ്റ് റണ്‍സ് ദ്രാവിഡ് അടിച്ച് കൂട്ടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന സച്ചിന് ടെന്‍ഡുല്‍ക്കറുടെ നേട്ടത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ദ്രാവിഡിപ്പോള്‍. 2004ല്‍ പാക്കിസ്ഥാനെതിരേ നേടിയ 270 റണ്‍സാണ് ദ്രാവിഡിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല