1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2018

എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): യുക്മയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ന് നടത്തപ്പെടുന്ന ‘കേരളാ പൂരം 2018’ലെ പ്രധാന ഇനമായ മത്സരവള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോയ്ക്ക് യു.കെയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി വരുന്നു. റോഡ് ഷോയുടെ ഔപചാരികമായ ഉദ്ഘാടനം ലണ്ടനിലെ ഇന്ത്യാ ഹൌസില്‍ വച്ച് ഹൈക്കമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി (പൊളിറ്റിക്കല്‍ ആന്റ് ഇമ്മിഗ്രേഷന്‍) ശ്രീ. രാമസ്വാമി ബാലാജിയാണ് നിര്‍വഹിച്ചത്. ചരിത്രപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് പട്ടണത്തിനു സമീപമുള്ള ഫാര്‍മൂര്‍ റിസര്‍വോയറിലാണ് ഇത്തവണ വള്ളംകളി മത്സരം നടക്കുന്നത്.

യുക്മ കേരളാ ടൂറിസം പ്രമോഷന്‍ ക്ലബ് വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസായിരിക്കും ‘കേരളാ പൂരം 2018’ റോഡ് ഷോ ക്യാപ്റ്റനെന്ന് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. യുക്മയുടെ ദേശീയ ഭരണസമിതിയില്‍ നാല് ടേം സേവനമനുഷ്ഠിച്ച ടിറ്റോ തോമസ് ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജത്തില്‍ നിന്നുമുള്ള പ്രതിനിധിയാണ്. അദ്ദേഹത്തിനൊപ്പം എബ്രാഹം ജോസ് പൊന്നുംപുരയിടം (ലണ്ടന്‍), ജിജോ മാധവപ്പള്ളില്‍ (ന്യൂ കാസില്‍) എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരായിരിക്കും. ഇവരുടെ നേതൃത്വത്തിലായിരിക്കും യു.കെയിലെ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോയ്ക്ക് സ്വീകരണം നല്‍കുന്നത്.

മത്സരവള്ളംകളിയുടെ പ്രചരണാര്‍ത്ഥം യു.കെയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിജയികള്‍ക്ക് നല്‍കുന്ന എവറോളിങ് ട്രോഫിയുമായിട്ടാണ് റോഡ് ഷോ എത്തുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ശില്പികളിലൊരാളായ ശ്രീ.അജയന്‍ വി. കാട്ടുങ്ങല്‍ ട്രോഫിയുടെ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ചുണ്ടന്‍ വള്ളത്തിന്റെ രൂപത്തിലുള്ള എവര്‍റോളിങ് ട്രോഫിയാണിത്. ട്രോഫിയുമായി എത്തിച്ചേരുന്ന എല്ലാ സ്ഥലങ്ങളിലേയും മലയാളി അസോസിയേഷന്‍ ഭാരവാഹികളുടേയും മറ്റ് സാമൂഹിക സാംസ്‌ക്കാരിക സംഘടനാ നേതാക്കന്മാരുടേയും നേതൃത്വത്തില്‍ സ്വീകരണം ഒരുക്കുന്നതായിരിക്കും.

റോഡ് ഷോയുടെ പര്യടനത്തിന്റെ ഭാഗമായി ഗ്ലോസ്റ്ററില്‍ എത്തിച്ചേര്‍ന്ന ടിറ്റോ തോമസിന്റെ ടീമിന് യുക്മ ദേശീയ നിര്‍വാഹകസമിതി അംഗമായ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. ജി.എം.എ ബോട്ട് ക്ലബ് ക്യാപറ്റന്‍ ജിസ്സോ എബ്രാഹം, ഭാരവാഹികളായ വിനോദ് മാണി, ജില്‍സ് പോള്‍, വിന്‍സെന്റ്, ബിസ് പോള്‍ മണവാളന്‍, സ്റ്റീഫന്‍ എലവുങ്കല്‍, ആന്റണി മാത്യു എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന 22 ടീമുകളുടെ വള്ളംകളിയില്‍ നാലാം സ്ഥാനം സ്വന്തമാക്കിയ ശക്തമായ ടീമാണ് ഗ്ലോസ്റ്ററില്‍ നിന്നും വിജയകിരീടം ലക്ഷ്യമിട്ട് എത്തുന്നത്.

യു.കെയിലെ മത്സരവള്ളംകളിയില്‍ കന്നിയങ്കത്തിനിറങ്ങുന്ന നോര്‍ത്താംപ്ടണ്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ റോഡ്‌ഷോയ്ക്ക് സ്വീകരണം നല്‍കി. യുക്മ ദേശീയ കമ്മറ്റി അംഗം സുരേഷ്‌കുമാര്‍, ആനന്ദ് ജോണ്‍, റോസ്ബിന്‍ രാജന്‍, റോഹന്‍ അലക്‌സ്, സജിന്‍ ബെനഡിക്ട്, ജോമേഷ് മാത്യു, ഹരി ഗോവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

‘കേരളാ പൂരം 2018’: കൂടുതല്‍ വിവരങ്ങള്‍ക്ക് മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.