സ്വന്തം ലേഖകന്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ചരിത്ര ജയം; 20,956 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷവുമായി സജി ചെറിയാന്‍; യുഡിഎഫ് രണ്ടാമത്; തകര്‍ന്നിടിഞ്ഞ് ബിജെപി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വലജയം. 20,956 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ സജി ചെറിയാന്റെ ചരിത്ര ജയം. നഗരസഭയിലും 11 പഞ്ചായത്തുകളിലും ലീഡ് നേടിയാണ് സജി ചെറിയാന്‍ ജയിച്ചു കയറിയത്. 1987 ല്‍ മാമ്മന്‍ ഐപ്പ് നേടിയ 15703 വോട്ടിന്റെ ഭൂരിപക്ഷവും ഇതോടെ പഴങ്കഥയായി.
സിപിഎമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 8700 ലേറെ വോട്ട് കൂടിയപ്പോള്‍ രണ്ടായിരത്തിലേറെ വോട്ടുകള്‍ കൂടുതല്‍ നേടി യുഡിഎഫ് രണ്ടാമതെത്തി. അതേസമയം എണ്ണായിരത്തിലേറെ വോട്ടുകള്‍ നഷ്ടപ്പെട്ട ബിജെപി തകര്‍ന്നിടിയുകയും ചെയ്തു. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് 48,163 വോട്ടും യുഡിഎഫ് 34,629 വോട്ടും ബിജെപി 25,474 വോട്ടുമാണ് നേടിയത്.
യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഈ വിജയം കണക്കുകൂട്ടലിനപ്പുറമാണെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. ലഭിക്കുന്ന ഭൂരിപക്ഷം പ്രതീക്ഷയ്ക്കപ്പുറമാണ്. കോണ്‍ഗ്രസ്,ബിജെപി അനുഭാവികളും തനിക്ക് വോട്ടുചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. തന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി.
ഇത്രയും ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും ക്രിസ്ത്യന്‍ സഭകളുടെയും വോട്ടുകള്‍ തനിക്കു ലഭിച്ചു. പിണറായി വിജന്‍ സര്‍ക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല