സ്വന്തം ലേഖകന്‍: രാംദേവിന്റെ സ്വദേശി ചാറ്റിംഗ് ആപ്പ് ‘കിംഭോ’ അമേരിക്കന്‍ ആപ്പ് അടിച്ചുമാറ്റിയതെന്ന് സമൂഹ മാധ്യമങ്ങള്‍; ആരോപണം ഉയര്‍ന്നതോടെ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് അപ്രത്യക്ഷമായി. ഏറെ കൊട്ടിഘോഷിച്ച് പതഞ്ജലി പുറത്തിറക്കിയ ‘കിംഭോ’ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കിംഭോ ആപ്പ് ഒരു സുരക്ഷാ ദുരന്തമാണെന്ന് ഫ്രഞ്ച് സുരക്ഷാ വിദഗ്ദന്‍ ഏലിയറ്റ് ആന്‍ഡെര്‍സണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും വാര്‍ത്തയായി. ആദ്യ ദിവസം തന്നെ വിവാദങ്ങളില്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായതെന്നാണ് സൂചന.
ശരിക്കും ‘ബോലോ മെസ്സഞ്ചര്‍’ എന്ന ഒരു ചാറ്റ് ആപ്ലിക്കേഷനാണ് പതഞ്ജലി പേരുമാറ്റി കിംഭോയാക്കി ഓണ്‍ലൈനിലെത്തിച്ചതെന്നാണ് ആരോപണം. എന്നാല്‍ ആപ്പ് പൂര്‍ണമായും ഇന്ത്യനാണെന്നും ഇന്ത്യക്കാര്‍ക്കുവേണ്ടി നിര്‍മിച്ചതാണെന്നുംമറ്റും അവകാശപ്പെട്ടാണ് പുറത്തിറക്കിയത്. എന്നാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പലപ്പോഴും ഇത് ബോലോ ആപ്പാണെന്ന് ബോധ്യമാകുമെന്ന് സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് വിമര്‍ശകര്‍ പറയുന്നു. ചില നോട്ടിഫിക്കേഷനുകളില്‍ ബോലോ എന്നും കിംഭോ എന്നും ഒരുമിച്ച് എഴുതിക്കാണിക്കുന്നതുവരെ ചിലര്‍ ഫോറങ്ങളില്‍ ചര്‍ച്ചയാക്കി!
തുടര്‍ന്ന് ആപ്പ് പ്ലേ സ്‌റ്റോറില്‍നിന്ന് കാണാതായി. എന്നാല്‍ ട്രയല്‍ റണ്ണിനു ശേഷം പിന്‍വലിച്ചതാണെന്നും ആപ്പ് പൂര്‍ണ പ്രവര്‍ത്തനസജ്ജമായി ഉടന്‍ തിരിച്ചെത്തുമെന്നുമാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സെര്‍വറുകള്‍ അപ്‌ഡേറ്റ് ചെയ്യുകയാണെന്നും ഉടനെ ആപ്പ് ലഭ്യമാകുമെന്നും കമ്പനി പറയുന്നു. നിരവധി സ്ഥലങ്ങളില്‍ ബോലോ എന്നുതന്നെ ഇപ്പോഴും തെളിയുന്നതിനാല്‍ അവയെല്ലാം നീക്കാന്‍ കമ്പനിക്ക് ഇനിയും സമയം വേണ്ടിവന്നേക്കും എന്നാണ് സമൂഹ മധ്യമങ്ങളിലെ ചര്‍ച്ചകള്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല