സ്വന്തം ലേഖകന്‍: കെവിന് വധം, ജാതിയും സാമ്പത്തിക സ്ഥിതിയും പ്രശ്നമായതായി നീനുവിന്റെ മൊഴി; കെവിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കെവിന്റെ സാമ്പത്തിക ചുറ്റുപാട് കല്യാണത്തിനെതിരായ എതിര്‍പ്പിനു കാരണമായി. ജാതിയെച്ചൊല്ലിയും വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തി. എന്നിട്ടും ബന്ധത്തില്‍നിന്നു പിന്മാറാതിരുന്നതാകാം കൊലയ്ക്കു കാരണമെന്നും നീനുവിന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം, കെവിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നു. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവരാത്തതിനെ തുടര്‍ന്നു നല്കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ശരീരത്തില്‍ 14 മുറിവുകള്‍ കണ്ടെത്തിയെങ്കിലും ഇതൊന്നും മരണകാരണമായിട്ടില്ല എന്നാണ് വിവരം. രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പുഴയിലേക്കു വീണതാകാമെന്ന നിഗമനത്തിലാണു പൊലീസ്.
അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി ജലാശയത്തില്‍ തള്ളിയതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. തെന്മലയിലേക്കുള്ള യാത്രയ്ക്കിടെ കെവിന് കാറില്‍നിന്നു ചാടിപ്പോയെന്നാണ് മുഖ്യപ്രതി സാനു ചാക്കോയുടെ മൊഴി. മുങ്ങിമരണം സ്ഥിരീകരിക്കുന്നതിനായി കെവിന്റെ ശ്വാസകോശത്തിലെ വെള്ളവും തോട്ടിലെ വെള്ളവും പരിശോധന നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല