സ്വന്തം ലേഖകന്‍: ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയ സല്മാന് ഖാന്റെ സഹോദരന് അര്‍ബാസ് ഖാന് കുറ്റം സമ്മതിച്ചു; വാതുവെപ്പ് മാഫിയ ബ്ലാക്ക്മെയില്‍ ചെയ്തതായി മൊഴി. വാതുവെപ്പില്‍ 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലില്‍ അര്‍ബാസ് സമ്മതിച്ചു. ആറു വര്‍ഷമായി വാതുവയ്പിലുണ്ടെന്നും അര്‍ബാസ് പറഞ്ഞു. ചോദ്യം ചെയ്യലിനു ഹാജരാവാന്‍ മഹാരാഷ്ട്രയിലെ താനെ പൊലീസ് അര്‍ബാസിനു സമന്‍സ് അയച്ചിരുന്നു.
നേരത്തേ അറസ്റ്റിലായ നാലു വാതുവയ്പുകാരുമായി ബന്ധപ്പെട്ടുള്ള സംശയനിവാരണത്തിനാണ് അര്‍ബാസിനെ വിളിച്ചുവരുത്തിയതെന്നു ഡിസിപി (ക്രൈം) അഭിഷേക് ത്രിമുഖെ പറഞ്ഞു. സോനു ജലാന്‍, സോനു മലാദ് എന്നിവരുള്‍പ്പെടെയുള്ള വാതുവയ്പുകാരാണ് അറസ്റ്റിലായത്. രാജ്യത്തെ വലിയ വാതുവയ്പുകാരിലൊരാളും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്തയാളുമായ സോനു ജലാനാണ് പൊലീസിനോട് അര്‍ബാസിന്റെ പേര് വെളിപ്പെടുത്തിയത്.
വാതുവയ്പില്‍ തോറ്റ അര്‍ബാസ് തനിക്ക് 2.80 കോടി രൂപ തരാനുണ്ടെന്നും അതു തരാതായതോടെ താരത്തെ ഭീഷണിപ്പെടുത്തിയെന്നും സോനു പറഞ്ഞിരുന്നു. അന്വേഷണത്തില്‍ ഇവരുമായുള്ള ബന്ധം വ്യക്തമാകുകയും ചെയ്തു. സോനുവിന്റെ അറസ്റ്റിനു പിന്നാലെ, ചോദ്യംചെയ്യലിനു ഹാജരാകാന്‍ അര്‍ബാസിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. നിരവധി ബോളിവുഡ് താരങ്ങളുമായി സോനുവിനു ബന്ധമുണ്ടെന്നും ഇയാളുടെ സംഘം വര്‍ഷത്തില്‍ 100 കോടിയിലേറെ രൂപയാണ് വാതുവെപ്പിലൂടെ സമ്പാദിക്കുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല