ബൗളര്‍മാരുടെ പറുദീസയായി ആദ്യ രണ്ട് ദിനത്തില്‍ കളി കൈയിലെടുത്ത ട്രെന്‍ഡ് ബ്രിഡ്ജ് മൂന്നാം ദിനം പേസര്‍മാര്‍ക്ക് ദുരിതഭൂമി. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇയാന്‍ ബെല്ലിന്റെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചപ്പോള്‍ ആതിഥേയര്‍ മികച്ച ലീഡിലേക്ക്. സെഞ്ച്വറി നേടിയ ബെല്ലിന്റെ (159) മികവില്‍ ഇംഗ്ലണ്ട് ഞായറാഴ്ച കളി അവസാനിക്കുമ്പോള്‍ ആറ്് വിക്കറ്റ് നഷ്ടത്തില്‍ 441 റണ്‍സെന്ന നിലയിലാണ്. മാറ്റ് പ്രയറും (64), ടിം ബ്രെസ്‌നാനുമാണ് (47) ക്രീസില്‍ . 70 റണ്‍സെടുത്ത ഇയോണ്‍ മോര്‍ഗനും 63 റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്‌സനും മികച്ചു നിന്നു.
ഇന്ത്യയുടെ ഇശാന്ത് ശര്‍മ, പ്രവീണ്‍ കുമാര്‍, ശ്രീശാന്ത്, ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട് ബ്രോഡ്, ആന്‍ഡേഴ്‌സന്‍, ബ്രെസ്‌നാന്‍ എന്നിവര്‍ ആദ്യ രണ്ട് ദിനങ്ങളില്‍ നിറഞ്ഞാടിയ ട്രെന്റ്ബ്രിഡ്ജിലെ പിച്ച് പെട്ടെന്നായിരുന്നു നിറം മാറിയത്.
ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ പതിനൊന്നും രണ്ടാം ദിനത്തില്‍ പത്തും വിക്കറ്റുകള്‍ കൊഴിഞ്ഞുവീണ പിച്ച് മൂന്നാം ദിനത്തില്‍ ബാറ്റിങ്ങിന് അനുയോജ്യമായി വേഷമണിഞ്ഞു. ഇതിന്റെ ആനുകൂല്യം മുതലെടുത്ത് ആതിഥേയ നിര തിളങ്ങിയപ്പോള്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമാണ് ഇവിടെ പിറന്നത്.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ നല്‍കിയ 67 റണ്‍സിന്റെ ലീഡ് ലക്ഷ്യമാക്കി ഒന്നിന് 24 റണ്‍സെന്ന നിലയിലാണ് ഇംഗ്ലീഷ് ബാറ്റിങ് ഇന്നലെ കളി ആരംഭിച്ചത്.
ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസിനൊപ്പം ക്രീസിലെത്തിയ ബെല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ തുടക്കം മുതല്‍ ആധിപത്യ സൂചനകള്‍ വ്യക്തമാക്കി തുടങ്ങി.
എന്നാല്‍, ഇന്നിങ്‌സ് മുന്നേറും മുമ്പേ സ്‌ട്രോസിനെ ശ്രീശാന്ത് ഔട്ട്‌സിങ്ങറിലൂടെ ധോണിയുടെ കൈകളില്‍ എത്തിച്ചു. 16 റണ്‍സായിരുന്നു നായകന്റെ സംഭാവന. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബെല്‍-കെവിന്‍ പീറ്റേഴ്‌സന്‍ കൂട്ടുകെട്ടാണ് കളി ഇന്ത്യന്‍ കൈയില്‍നിന്നും തട്ടിയെടുത്തത്.
സ്‌കോര്‍ 57ല്‍ ഒന്നിച്ച ഇരുവരും ടീമിന് ലീഡ് നല്‍കിയതിനു പിന്നാലെ ഗ്രൗണ്ടില്‍ കാഴ്ചവെച്ചത് മാസ്റ്റര്‍ ഇന്നിങ്‌സ്. രാവിലെ ഡ്രിങ്ക്‌സിനു മുമ്പേ ഒന്നിച്ച കൂട്ടുകെട്ട് വൈകുന്നേരം പിരിയുമ്പോഴേക്കും 167 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു. ബെല്ലായിരുന്നു അപകടകാരി. പേസര്‍മാരെയും സ്ലോമീഡിയക്കാരെയും സ്‌പിന്നര്‍മാരെയും ധോണി മാറിമാറി പരീക്ഷിച്ചെങ്കിലും ബെല്ലിനെ തളക്കാനായില്ല.
ഇതിനിടെ ക്രിക്കറ്റില്‍ മാന്യതയുടെ മാതൃകയായി ധോണിയുടെ സമീപനവും കയ്യടിനേടി. സെഞ്ച്വറിയുമായി ബെല്‍ ഇംഗ്ലീഷ് ഇന്നിങ്‌സിന്റെ നട്ടെല്ലായി നില്‍കെ ഇശാന്ത് ശര്‍മ എറിഞ്ഞ 66ാം ഓവറിലെ അവസാന പന്തിലായിരുന്നു നാടകം. മോര്‍ഗന്‍ അടിച്ച പന്തില്‍ മൂന്നാം റണ്‍സിനായുള്ള ഓട്ടത്തിനിടെ ബൗണ്ടറിയാണെന്ന് കരുതി ഇരുവരും റണ്‍ഓട്ടം പൂര്‍ത്തിയാകാതെ ചായക്കായി നീങ്ങി.
എന്നാല്‍ ബൗണ്ടറി തടഞ്ഞ പ്രവീണ്‍ കുമാര്‍ പന്ത് വിക്കറ്റ് കീപ്പര്‍ എന്‍ഡിലെത്തിച്ച് ബെയില്‍സ് തെറിപ്പിച്ചപ്പോള്‍ ക്രീസില്‍ എത്താത്ത ബെല്‍ ഔട്ട്. മൂന്നാം അമ്പയര്‍ ഇന്ത്യന്‍ അപ്പീല്‍ അനുവദിക്കുകയും ചെയ്തു.
എന്നാല്‍ തെറ്റിദ്ധാരണയില്‍ സംഭവിച്ച പിഴവിന് ധോണി ബാറ്റ്‌സ്മാനെ തിരിച്ചു വിളിച്ചാണ് സ്‌പോര്‍ട്‌സ്മാന്‍ സ്‌പിരിറ്റ് പ്രകടിപ്പിച്ചത്.
ആഞ്ഞു വീശാന്‍ ആരംഭിച്ച മോര്‍ഗന്റെ ലക്ഷ്യം ലീഡിന്റെ വേഗം കൂട്ടുക എന്നത് മാത്രം.
88 പന്തില്‍ എട്ട് ബൗണ്ടറിയും ഒരുസിക്‌സറും പറത്തിയാണ് മോര്‍ഗന്‍ 70 റണ്‍സെടുത്തത്. സ്‌കോര്‍ 323ലെത്തിയപ്പോഴാണ് ബെല്ലിന്റെ വിക്കറ്റ് നഷ്ടമായത്. 206 പന്ത് നേരിട്ട് 24 ബൗണ്ടറിയോടെയാണ് ബെല്‍ 159 റണ്‍സെടുത്തത്.
മുന്‍നിര പുറത്തായതോടെ വാലറ്റത്തിനു മേല്‍ മേധാവിത്വം സ്ഥാപിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു കഴിഞ്ഞു. ബെല്ലിനു പിന്നാലെ മോര്‍ഗന്‍ കൂടാരം കയറി. ജൊനാഥന്‍ ട്രോട്ടിനെ പ്രവീണ്‍ കുമാറും പുറത്താക്കി.
ശ്രീശാന്തും പ്രവീണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇശാന്തും യുവരാജും ഓരോന്ന് വീതം നേടി.
സ്‌കോര്‍ ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 221/10
ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 288/10
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് 6/441
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല