സ്വന്തം ലേഖകന്‍: രോഗികളെ പരിചരിക്കുന്നതിനിടെ നിപാ വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ലിനിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജിം കാംപെല് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഗാസയിലെ റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍ നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ചത്.
‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി (ഇന്ത്യ), സലോമി കര്‍വ (ലൈബീരിയ). മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ,’ ജിം ട്വിറ്ററില്‍ കുറിച്ചു. രോഗികളെ പരിചരിക്കുന്നതിനിടെയാണ് ലിനിക്ക് നിപ ബാധിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ലിനി.
ഗസയിലെ മാലാഖ എന്ന് ലോകം വിശേഷിപ്പിച്ച റസാനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഫ്രിക്കയില്‍ ഇബോളക്കെതിരെ പോരാടിയ വനിതയാണ് സലോമി കര്‍വ. മൂന്ന് പേരും അപകടകരമായ സാഹചര്യങ്ങളില്‍ സ്വന്തം ജീവന്‍ പോലും അര്‍പ്പിച്ച് ആതുര സേവനം ചെയ്തവര്‍. ലോകാരോഗ്യ രംഗത്തെ വനിതകള്‍ എന്ന ഹാഷ്ടാഗ് ഉള്‍പ്പടെയാണ് കാംപെലിന്റെ ട്വീറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല