സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കില്‍ പാസ്പോര്‍ട്ടും വീസയും റദ്ദാക്കും; ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോയാല്‍ കര്‍ശന നടപടി. വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്പോര്‍ട്ടും വീസയും റദ്ദാക്കുകയും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മേനക ഗാന്ധി അറിയിച്ചു. ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുന്നതു തടയുന്നതിനാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നടപടി.
വിവാഹത്തട്ടിപ്പ് കേസുകളില്‍ പെടുന്ന ഇന്ത്യന്‍ പ്രവാസികളുടെ സ്വത്ത് മരവിപ്പിക്കാനാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് പോയി മടങ്ങിയെത്താത്തവരുടെ കുടുംബസ്വത്ത് മരവിപ്പിക്കുന്ന തരത്തില്‍ നിയമം കര്‍ശനമാക്കാനാണ് തീരുമാനം. കൂടാതെ മന്ത്രാലയത്തിനു ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുകയും അദാലത്തിനോ മറ്റോ വരാത്തപക്ഷം ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്യും.
ഭര്‍ത്താവ് ഉപേക്ഷിക്കുക, പീഡിപ്പിക്കുക, വിവാഹത്തിനു മുന്‍പും ശേഷവും സ്ത്രീധനം ആവശ്യപ്പെടുക തുടങ്ങിയവയാണ് പ്രവാസികളുടെ ഭാര്യമാര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ആദ്യവിവാഹം മറച്ചുവെച്ചുള്ള വിവാഹവും വിദേശത്തുവച്ചു നടത്തുന്ന വിവാഹമോചനവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും വിവാഹത്തട്ടിപ്പുകളുടെ പരിധിയില്‍വരും. ഇത്തരം സംഭവങ്ങളില്‍ അഞ്ചുപേരുടെ പാസ്പോര്‍ട്ട് റദ്ദു ചെയ്യുകയും അഞ്ചു പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവരുമായി ചേര്‍ന്ന് നോഡല്‍ ഏജന്‍സി രൂപീകരിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. അതേസമയം, സ്ത്രീകള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുമ്പോഴും അവയിലൊന്നും പരാതി ലഭിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി അറിയിച്ചു. രണ്ടുവര്‍ഷം മുന്‍പ് പരാതി പരിഹാരസെല്‍ രൂപീകരിച്ചെങ്കിലും 18,000 പരാതികളാണ് ലഭിച്ചിരിക്കുന്നത്. സ്ത്രീകളുടെ ഓണ്‍ലൈന്‍ പരാതിപ്പെട്ടി ഷീബോക്സില്‍’ ഒരു വര്‍ഷത്തിനിടെ എത്തിയത് 191 പരാതികളാണ് ലഭിച്ചിരിക്കുന്നത്. 193 കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന ‘സഖി’ കേന്ദ്രങ്ങളില്‍ മൂന്നുവര്‍ഷത്തിനിടെ 1.3 ലക്ഷം പേരാണ് സഹായം തേടിയെത്തിയത്. 2015ല്‍ തുടങ്ങിയ വനിത ഹെല്പ് ലൈന്‍ നമ്പറിലേക്ക് 16.5 ലക്ഷം പരാതികളാണ് മൂന്നുവര്‍ഷത്തിനിടെ ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല