ബാലസജീവ് കുമാര്‍: നടന കലയുടെ ചാരുത ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്കായി ഗര്‍ഷോം ടി വിയും യുക്മയും ചേര്‍ന്ന് ഒരുക്കുന്ന റിയാലിറ്റി ഷോ കലാവിരുന്ന് ‘ ഗര്‍ഷോം ടി വി യുക്മ സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാമിന് ലെസ്റ്റര്‍ അഥീന തീയേറ്റര്‍ അങ്കണത്തില്‍ വച്ച് നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി പ്രമുഖ പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയും നര്‍ത്തകിയുമായ മൃദുല വാര്യര്‍ തിരി തെളിച്ച് ഉത്ഘാടനം ചെയ്തു. ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ യുക്മ നാഷണല്‍ വൈസ് പ്രെസിഡന്റ് ഡോക്ടര്‍ ദീപ, യുക്മ നാഷണല്‍ എക്സിക്യൂട്ടീവ് കുഞ്ഞുമോന് ജോബ്, ഗര്‍ഷോം ടി വി മീഡിയ കോര്‍ഡിനേറ്റര്‍ ജോമോന് കുന്നേല്‍, പ്രോഗ്രാം പ്രൊഡ്യൂസര്‍ ബിനു ജോര്‍ജ്ജ്, യുക്മ നാഷണല്‍ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ്, നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസ്, നാഷണല്‍ കമ്മിറ്റി അംഗം സുരേഷ് കുമാര്‍, സാംസ്കാരിക വേദി വൈസ് ചെയര്മാന് സി എ ജോസഫ് എന്നിവര്‍ ആശംസകളും ഭാവുകങ്ങളും നേര്‍ന്ന് ഉല്‍ഘാടന ചടങ്ങിന് ഭാവുകത്വം പകര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഗര്‍ഷോം ടി വിയുടെ സഹകരണത്തോടെ നടന്നു വരുന്ന യുക്മ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ പരിസമാപ്തിയോടെ ലെസ്റ്റര്‍ അഥീന തീയേറ്ററില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു യുക്മയും ഗര്‍ഷോം ടി വിയും സംയുക്തമായി പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുന്ന യുക്മ ഗര്‍ഷോം ടി വി സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയുടെ ഉല്‍ഘാടനം.
യു കെ മലയാളികളുടെ ഇടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ യുക്മ ലോകത്തെ തന്നെ പ്രവാസി മലയാളി സംഘടനകളില്‍ ഏറ്റവും വലിയതാണ്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 115 ഓളം മലയാളി അസോസിയേഷനുകള്‍ അംഗങ്ങളായുള്ള യുക്മയുടെ സാംസ്കാരിക കലാ മേളകള്‍ പ്രസിദ്ധവും, കലാ കായിക= സാംസ്കാരിക രംഗത്തെ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നതും ആണ്. വര്‍ഷാവര്‍ഷം നടന്നു വരാറുള്ള മേളകളില്‍ കലാകായിക പ്രതിഭകളെ ആദരിക്കുന്ന യുക്മ ഗര്‍ഷോം ടി വി യുമായി ചേര്‍ന്ന് നടത്തുന്ന സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാം അഭൂതപൂര്‍വമായ വിജയവുമായി മൂന്നാം വര്‍ഷം പിന്നിടുമ്പോള്‍, നടന ചാരുതയാല്‍ സദസ്സിനെ വിസ്മയിപ്പിക്കുന്ന അംഗനമാരുടെ തത്സമയ പ്രകടനവും, വിധിനിര്‍ണ്ണയവും ചേര്‍ന്ന സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയ്ക്കാണ് ലെസ്റ്റര്‍ അഥീന തീയേറ്ററില്‍ മെയ് 26ന് ഉല്‍ഘാടനം ചെയ്യപ്പെട്ടത്.
ഇതിനോടകം പത്ര വാര്‍ത്തകളില്‍ കൂടിയും ഗര്‍ഷോം ടി വി പ്രക്ഷേപണങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡിയകളില്‍ കൂടിയും പ്രസിദ്ധമായ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയുടെ ഓഡീഷനായി നിരവധി അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞതായി ചീഫ് പോഗ്രാം കോര്‍ഡിനേറ്റേഴ്സ് ഡോക്ടര്‍ ദീപയും, കുഞ്ഞുമോന് ജോബും അറിയിച്ചു. മുന്‍കൂട്ടി അറിയിച്ച പ്രകാരം ജൂണ്‍ 16ന് ലണ്ടനിലും, ലെസ്റ്റര്‍, ഡബ്ലിന്‍, സൂറിക് എന്നിവിടങ്ങളിലുമായി നടക്കുന്ന ലൈവ് ഒഡീഷന് ശേഷം പ്രാഥമിക റൗണ്ടുകളിലേക്കുള്ള 20 മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്ത് പ്രാഥമിക മത്സരങ്ങള്‍ ജൂലൈ 14 ന് തുടങ്ങുമെന്ന് യുക്മ ഗര്‍ഷോം ടി വി വൃത്തങ്ങള്‍ അറിയിച്ചു.
പ്രാഥമിക റൗണ്ടുകളിലെ വിജയികള്‍ ക്വാര്‍ട്ടര്‍ സെമി ഫൈനല്‍ റൗണ്ടുകളില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ അനുസരിച്ച് മത്സരിച്ച് വിജയികളാകുന്നവര്‍ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്നതും യുക്മ ഫെസ്റ്റിനോട് അനുബന്ധിച്ച് മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന തത്സമയ മത്സരങ്ങളില്‍ നിന്ന് വിജയികളെ കണ്ടെത്തുന്നതും ആണ്. മത്സരങ്ങള്‍ ആദ്യാവസാനം നിയന്ത്രിക്കുന്നത് പരിചിതരും പ്രശസ്തരുമായ വിധികര്‍ത്താക്കള്‍ ആയിരിക്കും. അവസാന മത്സരത്തില്‍ സെലിബ്രിസിറ്റി ഗെസ്റ്റും വിധി നിര്‍ണയത്തിന് ഭാഗഭാക്കായിരിക്കും.
ഗര്‍ഷോം ടി വി യുക്മ സൂപ്പര്‍ ഡാന്‍സറിന്റെ മത്സരങ്ങള്‍ ആസ്വദിക്കുന്നതിനും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും ഗര്‍ഷോം ടി വി യുക്മ വാര്‍ത്തകള്‍ തത്സമയ സംപ്രേഷണങ്ങള്‍ നടത്തുന്നതായിരിക്കും.
ജൂണ്‍ 16 മുതല്‍ നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ യുക്മ യുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല