സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധകാലത്ത് നാസികളുടെ നാല് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ കണ്ട ജിന ടേര്‍ഗല്‍ ഓര്‍മയായി. ജൂതവംശഹത്യയുടെ ഭീകരത ലോകത്തെ അറിയിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ജിന 95 ആം വയസിലാണ് വിടപറഞ്ഞത്. നാലു നാസി ക്യാംപുകള്‍ അതിജീവിച്ച ജിന, പോളണ്ടിലെ ക്രാകൊവിലുള്ള വസ്ത്ര വ്യാപാരികളായിരുന്ന സമ്പന്ന ജൂതകുടുംബത്തിലാണു ജനിച്ചത്.
ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലറുടെ നാസി സൈന്യം പോളണ്ട് കീഴ്‌പ്പെടുത്തിയതോടെ 1941ല്‍ ജിനയെയും എട്ടു സഹോദരങ്ങളടങ്ങിയ കുടുംബത്തെയും ജൂത ക്യാംപിലേക്ക് അയച്ചു. കൂടെ കൊണ്ടുപോകാന്‍ അനുവദിച്ചത് ഒരു ചാക്ക് ഉരുളക്കിഴ!ങ്ങും കുറച്ചു ധാന്യപ്പൊടിയും മാത്രം. സഹോദരങ്ങളില്‍ പലരെയും നാത്‌സി പൊലീസ് വെടിവച്ചു കൊന്നു. ജിനയുടെ ‘ഐ ലൈറ്റ് എ കാന്‍ഡില്‍'(1987) എന്ന ആത്മകഥ പ്രശസ്തമാണ്.
നാസി ക്യാപിലെ അനുഭവം വിവരിച്ച ഡയറിക്കുറിപ്പുകളിലൂടെ ലോക പ്രശസ്തയായ ആന്‍ ഫ്രാങ്കിന്റെ നേരിട്ടുകണ്ട അപൂര്‍വം ആളുകളില്‍ ഒരാളായിരുന്നു ജിന. ബെര്‍ഗന്‍ ബെല്‍സെന്‍ ക്യാംപിലെ ആശുപത്രിയില്‍, പകര്‍ച്ചപ്പനി ബാധിച്ചു കിടക്കുകയായിരുന്നു ആന്‍. ആന്റെ മുഖവും ആ തലമുടിയുമെല്ലാം ഇപ്പോഴും കണ്‍മുന്നിലുണ്ടെന്നു ജിന പറയുമായിരുന്നു. ആന്‍ മരിച്ച് ഒരു മാസം കഴിഞ്ഞാണു ബെല്‍സന്‍ ക്യാംപിലെ ജൂത തടവുകാര്‍ മോചിക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല