1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2018

ജൂണ്‍ 30 ശനിയാഴ്ച്ച നടക്കുന്ന ‘കേരളാ പൂരം 2018’ലെ പ്രധാന ഇനമായ മത്സരവള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോ ബ്രിട്ടണിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി പര്യടനം തുടരുന്നു. ചരിത്രപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് പട്ടണത്തിനു സമീപമുള്ള ഫാര്‍മൂര്‍ തടാകത്തില്‍ നടക്കുന്ന വള്ളംകളി മത്സരം അത്രെയേറെ ആവേശമാണ് യു.കെ മലയാളികള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

വിജയികള്‍ക്ക് നല്‍കുന്ന എവറോളിങ് ട്രോഫിയുമായി റോഡ് ഷോ ക്യാപ്റ്റന്‍ ടിറ്റോ തോമസിന്റെ നേതൃത്വത്തിലാണ് പര്യടനം നടക്കുന്നത്. കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ജേതാവായ ശില്പി അജയന്‍ വി. കാട്ടുങ്ങല്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ചുണ്ടന്‍ വള്ളത്തിന്റെ രൂപത്തിലുള്ള എവര്‍റോളിങ് ട്രോഫിയാണ് ജേതാക്കള്‍ക്ക് നല്‍കപ്പെടുന്നത്. ട്രോഫിയുമായി റോഡ് ഷോ എത്തിച്ചേരുന്ന സ്ഥലങ്ങളിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടേയും മറ്റ് സാമൂഹിക സാംസ്‌ക്കാരിക സംഘടനാ നേതാക്കന്മാരുടേയും നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു. ബ്രിട്ടണിലെ ഏറ്റവും പ്രമുഖമായ രണ്ട് മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള ബോട്ട് ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് ഷെഫീല്‍ഡിലും മാഞ്ചസ്റ്ററിലും സ്വീകരണം ഒരുക്കിയിരുന്നത്.

ഷെഫീല്‍ഡ് സെന്റ് പാട്രിക് സ്‌കൂള്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ യുണൈറ്റഡ് ബോട്ട് ക്ലബ് ക്യാപ്റ്റന്‍ രാജു ചാക്കോയും വൈസ് ക്യാപ്റ്റന്‍ മാണി തോമസും ചേര്‍ന്ന് റോഡ് ഷോ ക്യാപ്റ്റന്‍ ടിറ്റോ തോമസിനെ ഹാരമണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ യുക്മ യോര്‍ക്ക്‌ഷെയര്‍ റീജണല്‍ പ്രസിഡന്റ് കിരണ്‍ സോളമന്‍ അധ്യക്ഷത വഹിച്ചു. എസ് കെ സി എ പ്രസിഡന്റ് വര്‍ഗ്ഗീസ് ദാനിയേല്‍, സെക്രട്ടറി ജിമ്മി ജോസഫ്, ട്രഷറര്‍ റോജന്‍ ജെയിംസ്, കമ്മറ്റി അംഗങ്ങളായ ജോസ് ജോര്‍ജ്ജ്, ബിജോയ് ആന്‍ഡ്രുസ് എന്നിവര്‍ പ്രസംഗിച്ചു. ബോട്ട് ക്ലബ് ഭാരവാഹികളായ ഷൈജു പോള്‍, ഷിബു ജോര്‍ജ്ജ്, ബിബിന്‍, ബിജു മാത്യൂ, അന്‍സില്‍ രാജന്‍, സജിന്‍ രവീന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വള്ളംകളിയുടെ പ്രചരണാര്‍ത്ഥം നടന്നു വരുന്ന റോഡ്‌ഷോയ്ക്ക് മാഞ്ചസ്റ്ററില്‍ വമ്പിച്ച സ്വീകരണമാണ് ഒരുക്കിയിരുന്നത്. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ആഭിമുഖ്യത്തില്‍ സംഘടിച്ചിച്ച സ്വീകരണ പരിപാടിക്ക് എം.എം. സി.എ ബോട്ട് ക്ലബ്ബ് ‘എടത്വ ‘ ടീമിന്റെ നായകന്‍ സനില്‍ ജോണിന്റെ നേതൃത്വത്തില്‍ ടീമംഗങ്ങളും അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. യുക്മ ദേശീയ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ് വള്ളംകളിയെപ്പറ്റി വിശദമാക്കി ക്യാപ്റ്റനെ പരിചയപ്പെടുത്തി. ജോബി മാത്യു, ജനീഷ് കുരുവിള, സാബു ചാക്കോ, ഹരികുമാര്‍ പി.കെ, ജോബി തോമസ്, ആഷന്‍ പോള്‍, ജയ്‌സന്‍ ജോബ് എന്നിവര്‍ പ്രസംഗിച്ചു. സിബി മാത്യു, ബിനോ ജോസ്, ജോണി ചാക്കോ, ബേബി സ്റ്റീഫന്‍, തോമസ് ജോസഫ്, സോബി ജോണ്‍, ജയ്‌മോന്‍, ബിജു ജോര്‍ജ്, വര്‍ഗീസ് കോശി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്വീകരണത്തിന് ജാഥാ ക്യാപ്റ്റന്‍ ടിറ്റോ തോമസ് മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.