1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2018

സ്വന്തം ലേഖകന്‍: കേന്ദ്രസര്‍ക്കാരിനെതിരെ സഖ്യസൂചനയുമായി നാലു മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയില്‍; സമരം നടത്തുന്ന അരവിങ് കേജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചു. അരവിന്ദ് കെജ്‌രിവാളിന് പിന്തുണയുമായി പിണറായി വിജയന്‍, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, കുമാരസ്വാമി എന്നിവരാണ് ഡല്‍ഹിയില്‍ ഒത്തുകൂടിയത്. നാലുപേരും കേജ്‌രിവാളിന്റെ വസതി സന്ദര്‍ശിക്കുകയും ചെയ്തു. ലഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം ചെയ്യുന്ന കെജ്‌രിവാളിന് പിന്തുണ അറിയിച്ചാണ് സന്ദര്‍ശനം. നേരത്തെ കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ ലഫ്. ഗവര്‍ണറുടെ ഓഫീസ് അനുമതി നല്‍കിയില്ല.

കെജ്‌രിവാളിനെ കാണാന്‍ അനുമതി നിഷേധിച്ചതോടെ നാലു മുഖ്യമന്ത്രിമാരും സംഘമായി കെജ്‌രിവാളിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ട് പിന്തുണ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നിഷേധിക്കാന്‍ നിര്‍ദേശിച്ചതെന്നും ഗവര്‍ണര്‍ തനിയെ ഇത്തരമൊരു തീരുമാനമെടുക്കില്ലെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ലഫ്. ഗവര്‍ണറുടെ ഔദ്യോഗിക ഓഫീസിലാണ് കെജ്‌രിവാളും മൂന്ന് മന്ത്രിമാരും സമരം നടത്തുന്നത്.

നീതി ആയോഗിന്റെ യോഗത്തിന് ഡല്‍ഹിയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. ബംഗാളിലെ വൈരം മറികടന്നാണ് പിണറായി വിജയനും മമതാ ബാനര്‍ജിയും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ മാസം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പിണറായിയും മമതയും കണ്ടിരുന്നെങ്കിലും സംസാരിച്ചിരുന്നില്ല.

അതേസമയം, ഡല്‍ഹി സര്‍ക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മില്‍ നിസഹരണം തുടരുന്നതിനിടെ ആംആദ്മിപാര്‍ട്ടി സമരം ശക്തമാക്കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ ധര്‍ണ ഏഴാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്ത് അപ്രഖ്യാപിത രാഷ്ട്രപതിഭരണമാണെന്ന് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദ്രജയിനും അനിശ്ചിതകാല നിരാഹാരസമരത്തിലാണ്.

അതിനിടെ നിര്‍ണായക യോഗങ്ങളില്‍ പോലും വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുക്കുന്നില്ലെന്ന് പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്‍ ആരോപിച്ചു. ബി.ജെ.പി നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി വക്താവ് അതിഷി മര്‍ലേന കുറ്റപ്പെടുത്തി. എന്നാല്‍ ഒരു ഉദ്യോഗസ്ഥനും സമരത്തിലല്ലെന്ന് ഐ.എ.എസ് അസോസിയേഷന്‍ പ്രതികരിച്ചു. ഭരണപരാജയം മറച്ചുവെയ്ക്കാനായി കെജ്‌രിവാളും ആംആദ്മിപാര്‍ട്ടിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും കുറ്റപ്പെടുത്തി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.