സ്വന്തം ലേഖകന്‍: സെയ്ഷല്‍സിലെ അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യന്‍ നാവികതാവളം; ഇരു രാജ്യങ്ങളുടേയും ആശങ്കകള്‍ പരിഹരിച്ച് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹ രാജ്യമായ സെയ്ഷല്‍സിലെ അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യന്‍ നാവികതാവളം സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളുടെയും നിലവിലുള്ള ആശങ്കകള്‍ പരിഹരിച്ച്, പരസ്പര ബഹുമാനത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെയ്ഷല്‍സ് പ്രസിഡന്റ് ഡാനി ഫൗറെയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായകമായ തീരുമാനം.
അസംപ്ഷന്‍ ദ്വീപിലെ ഇന്ത്യന്‍ നാവികതാവളം സംബന്ധിച്ച പദ്ധതി മുന്നോട്ടു പോകില്ലെന്ന് സെയ്ഷല്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം അംഗീകരിക്കില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെയ്ഷല്‍സ് സന്ദര്‍ശിച്ചപ്പോള്‍ ഒപ്പിട്ട കരാറില്‍ ഭേദഗതികള്‍ വരുത്തിയാണു ജനുവരിയില്‍ പുതിയ കരാറുണ്ടാക്കിയത്. തൊട്ടുപിന്നാലെ സെയ്ഷല്‍സിലെ പ്രതിപക്ഷവും ജനങ്ങളും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. രാജ്യത്തിന്റെ ഒരു മേഖലയുടെ പരമാധികാരം മറ്റൊരു രാജ്യത്തിന് അടിയറ വയ്ക്കുകയാണെന്നായിരുന്നു വിമര്‍ശനം.
ഇരു രാജ്യങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിച്ച് യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അസംപ്ഷന്‍ ദ്വീപിലെ നാവിക താവളം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്നും ഇരു രാഷ്ട്രങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നും ഡാനി ഫൗറയും വ്യക്തമാക്കി. സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ സെയ്ഷല്‍സിന് 100 മില്യന്‍ അമേരിക്കന്‍ ഡോളര്‍ വായ്പയും ഇന്ത്യ പ്രഖ്യാപിച്ചു. ഈ വായ്പ ഉപയോഗിച്ച് സെയ്ഷല്‍സിന് നാവിക ശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്ന ആയുധങ്ങള്‍ സ്വന്തമാക്കാനാകുമെന്ന് സംയുക്ത വാര്‍ത്താക്കുറിപ്പില്‍ പ്രധാനമന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല