1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2018

യു.കെയിലെ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ജൂണ്‍ 30 ശനിയാഴ്ച്ച ഓക്‌സ്?ഫഡ് ഫാര്‍മൂര്‍ തടാകത്തിലും പാര്‍ക്കിലുമായി അരങ്ങേറുന്ന ‘കേരളാ പൂരം 2018’ ആസ്വദിക്കാനായി എത്തുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷം റഗ്ബിയില്‍ ലഭിച്ചതുപോലെ തന്നെ ഒരു ദിവസം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്കും അതോടൊപ്പം ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി എത്തിച്ചേരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. യു.കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 32 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. മത്സരിക്കുന്ന പല ടീമുകളും കൂടാതെ യുക്മയിലെ അംഗ?അസോസിയേഷനുകളും വണ്‍ ഡേ ഫാമിലി ടൂര്‍ എന്ന നിലയില്‍ ബസ്സുകളിലും കോച്ചുകളിലുമായിട്ടാണ് എത്തിച്ചേരുന്നത്. മത്സരവേദി ഓക്‌സ്ഫഡിലേയ്ക്ക് മാറിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതുപോലെ കുട്ടികള്‍ക്ക് എന്‍ജോയ് ചെയ്യുന്നതിന് സൗകര്യങ്ങള്‍ ഉണ്ടാവുമോ എന്നുള്ളതും സംഘാടകരോട് അന്വേഷിക്കുന്നുണ്ട്. എല്ലാവര്‍ക്കും ആസ്വദിക്കത്തക്കവിധമുള്ള വിവിധ സൗകര്യങ്ങള്‍ ജൂണ്‍ 30 ശനിയാഴ്ച്ച നടത്തപ്പെടുന്ന ‘കേരളാ പൂരം 2018’നോട് അനുബന്ധിച്ച് ഫാര്‍മൂര്‍ റിസര്‍വോയറിലും പാര്‍ക്കിലുമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ്, ചീഫ് ഓര്‍ഗനൈസര്‍ റോജിമോന്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

‘കേരളാപൂരം 2018’ മത്സരവേദിയും പ്രവേശനവും

ബ്രിട്ടണിലെ ഏറ്റവും വലിയ വാട്ടര്‍ കമ്പനിയായ തെംസ് വാട്ടറിന്റെ ഉടമസ്ഥതയിലുള്ള 450 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പാര്‍ക്കാണ് ഓക്‌സ്?ഫഡ് ഫാര്‍മൂര്‍ റിസര്‍വോയറിനോട് ചേര്‍ന്നുള്ളത്. മത്സരവള്ളംകളി അരങ്ങേറുന്നത് രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന റിസര്‍വോയറിലെ ഏറ്റവും വിശാലമായ തടാകത്തിനുള്ളിലാണ്. 4 മൈല്‍ ദൈര്‍ഘ്യമുള്ള റോഡ് ഈ തടാകത്തിന് ചുറ്റിലുമുണ്ട്. യു.കെയിലെ ബോട്ട് റേസ് നടത്തുന്നതിന് സൗകര്യമുള്ള മറ്റ് തടാകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തടസ്സങ്ങളൊന്നുമില്ലാതെ കരയിലെ ഏത് ഭാഗത്ത് നില്‍ക്കുന്ന കാണികള്‍ക്കും തടസ്സങ്ങളില്ലാതെ മത്സരം വീക്ഷിക്കാവുന്നതാണ്. ശനിയാഴ്ച്ച രാവിലെ 8 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പാര്‍ക്കിലേയ്ക്കുള്ള പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം പാര്‍ക്കില്‍ പ്രവേശിക്കുന്ന അഞ്ച് വയസ്സിന് മുകളിലേയ്ക്കുള്ള എല്ലാവരും സംഘാടകര്‍ നല്‍കുന്ന റിസ്റ്റ് ബാന്റ് ധരിക്കേണ്ടതാണ്. പ്രവേശനത്തിനായി രണ്ട് കൗണ്ടറുകള്‍ ഉണ്ടായിരിക്കും. പ്രോഗ്രാം കമ്മറ്റി ഫിനാന്‍സ് മാനേജര്‍ അലക്‌സ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള വിപുലമായ ടീം പ്രവേശന കവാടത്തില്‍ തിരക്കുകള്‍ ഉണ്ടാവാത്ത വിധത്തില്‍ പ്രവേശന നിരക്ക് ഈടാക്കി റിസ്റ്റ് ബാന്റ് നല്‍കുന്നതായിരിക്കും.
പ്രവേശന ഫീ: 2 പൗണ്ട് (5 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം ഫ്രീ ആയിരിക്കും).

പാര്‍ക്കിംഗ്:

വിശാലമായ പാര്‍ക്കിങ് സൗകര്യം അന്നേ ദിവസം എത്തിച്ചേരുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 5000 കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക ഗ്രൗണ്ട് സംഘാടകസമിതി ക്രമീകരിച്ചിട്ടുണ്ട്. പാര്‍ക്കിംഗിനായുള്ള ഗ്രൗണ്ടിന് വാടക നല്‍കണമെങ്കിലും ഇവന്റിന് എത്തിച്ചേരുന്ന എല്ലാവര്‍ക്കും പാര്‍ക്കിംഗ് തികച്ചും സൗജന്യമായിരിക്കും. പരിപാടിയ്ക്കായി എത്തിച്ചേരുന്ന കാറുകള്‍ക്ക് പാര്‍ക്കിങിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് 10ഓളും സെക്യുുരിറ്റിപാര്‍ക്കിങ് അറ്റന്റുമാര്‍ സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്. സെക്യൂരിറ്റികള്‍ നല്‍കുന്ന നിര്‍ദ്ദേശം കാര്‍ പാര്‍ക്കിംഗിന് എത്തുന്നവര്‍ പാലിക്കേണ്ടതാണ്.

ടീമുകള്‍ എത്തിച്ചേരുന്ന ബസ്സുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ലഭ്യമാണ്. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നും അല്പദൂരം മാറിയാണ് കോച്ചുകളുടെ പാര്‍ക്കിങ് ക്രമീകരിച്ചിട്ടുള്ളത്. ഒരു കോച്ചിന് മുഴുവന്‍ ദിന പാര്‍ക്കിംഗിന് 10 പൗണ്ട് ഫീ നല്‍കേണ്ടതാണ്. കോച്ചുകളില്‍ വരുന്ന ആളുകളെ പരിപാടി നടക്കുന്ന സ്ഥലത്ത് ഇറക്കിയതിനു ശേഷമാണ് പാര്‍ക്കിംഗ് സ്ഥലത്തേയ്ക്ക് പോവേണ്ടത്.

കോച്ച് പാര്‍ക്കിംഗ് നടത്തേണ്ട സ്ഥലം:
Redbridge Park and Ride
OX1 4XG

വള്ളംകളി വീക്ഷിക്കുന്നതിനുള്ള സൗകര്യം

തടാകത്തിന്റെ ചുറ്റുമുള്ള മതില്‍ക്കെട്ടിന് ചേര്‍ന്ന് നിന്ന് വള്ളംകളി മത്സരം നേരിട്ട് കാണുന്നതിന് അവസരമുണ്ടായിരിക്കും. മതില്‍കെട്ടിനോട് ചേര്‍ന്ന് നല്ല വീതിയിലുള്ള റോഡ് ആയതുകൊണ്ട് നാലോ അഞ്ചോ നിരയായി ആളുകള്‍ നിന്നാല്‍ പോലും മത്സരം വീക്ഷിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ഒരേ സമയം പതിനായിരത്തില്പരം ആളുകള്‍ക്ക് യാതൊരു തിരക്കും കൂട്ടാതെ തന്നെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.

ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ്

മത്സരം നടക്കുന്നത് വീക്ഷിക്കുന്നതിനുള്ള മതില്‍കെട്ടിനും റോഡിനും സമീപമുള്ള പുല്‍മൈതാനിയിലായിരിക്കും ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ് സജ്ജീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍ ഏറ്റവും സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി പത്ത് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ സ്റ്റേജ് ആയിരിക്കും ലൈവ് പ്രോഗ്രാമിന് അറേഞ്ച് ചെയ്തിട്ടുള്ളത്. രാവിലെ 10 മണി മുതല്‍ മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജുകളില്‍ തനത് കേരളീയ കലാ രൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും അരങ്ങേറുന്നതായിരിക്കും.

കുട്ടികള്‍ക്കായുള്ള പ്ലേ ഏരിയ

കുട്ടികള്‍ക്കായി പ്രത്യേക കാര്‍ണിവല്‍ ഫാര്‍മൂര്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള വിവിധ തരം വിനോദ ഇനങ്ങള്‍ ഇവിടെയുണ്ട്. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നവര്‍ക്ക് മത്സരങ്ങളും നേരിട്ട് കാണുന്നതിന് സൗകര്യമുണ്ട്. ആപ്പിള്‍ട്ടണ്‍ എന്റര്‍ടെയ്?ന്‍മെന്റ്‌സാണ് മിതമായ നിരക്കില്‍ ഈ സൗകര്യം ഒരുക്കുന്നത്. കുട്ടികള്‍ക്കായി ഫേസ് പെയിന്റിങ് പോലുള്ള വിനോദങ്ങളും ഉണ്ടായിരിക്കും.

ഫുഡ് ഫെസ്റ്റിവല്‍ :

മിതമായ നിരക്കില്‍ കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള മൂന്ന് കൗണ്ടറുകള്‍ അന്നേ ദിവസം പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെയുള്ള ഭക്ഷണ പാനീയങ്ങള്‍ ഈ കൗണ്ടറുകളില്‍ നിന്നും ലഭ്യമായിരിക്കും. മൂന്ന് വ്യത്യസ്ത കേറ്ററിങ് കമ്പനികളാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. ആളുകള്‍ക്ക് ഒരു ഫുഡ് ഫെസ്റ്റിവലിന്റെ തന്നെ അനുഭവം നല്‍കുന്നതിനു വേണ്ടിയാണ് മൂന്ന് വ്യത്യസ്തമായ കമ്പനികള്‍ക്ക് സ്റ്റാളുകള്‍ നല്‍കിയിരിക്കുന്നത്. ഔട്ട്‌ഡോര്‍ കേറ്ററിങില്‍ അനുഭവസമ്പന്നരായ കമ്പനികളെത്തന്നെയാണ് ഇതിനായി തെരഞ്ഞെടുത്തത്.

യു.കെയിലെമ്പാടും നിരവധി സ്ഥലങ്ങളില്‍ ഔട്ട്‌ഡോര്‍ കേറ്ററിങ് നടത്തി വരുന്ന ഷെഫ് വിജയ് നടത്തുന്ന സൗത്ത് ഇന്ത്യന്‍ ഫുഡ്സ്റ്റാള്‍, കഴിഞ്ഞ ഈസ്റ്റ് ആംഗ്ലിയ കലാമേള ഉള്‍പ്പെടെ നടത്തിയ നോര്‍വിച്ചില്‍ നിന്നുള്ള എ&ജെ കേറ്ററിങ് കമ്പനിയുടെ കുട്ടനാടന്‍ ശൈലിയിലുള്ള ഭക്ഷണവിഭവങ്ങള്‍ക്ക് പ്രാധാന്യമുള്ള സ്റ്റാള്‍, സൗത്ത് ഇംഗ്ലണ്ടിലെ മലയാളികളുടെ പ്രധാന കേറ്ററിങ് കമ്പനിയായ സസക്‌സിലെ ഫ്രണ്ട്‌സ് തട്ടുകടയുടെ നേതൃത്വത്തിലുള്ള ഫുഡ്സ്റ്റാള്‍ എന്നിവരാണ് ഫുഡ് ഫെസ്റ്റിവല്‍ അനുഭവം പകര്‍ന്ന് നല്‍കാനൊരുങ്ങുന്നത്.

വള്ളംകളി മത്സരത്തില്‍ വിവിധ ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് പങ്കെടുക്കുന്നതിനുള്ള അവസരം കൂടിയാണ് യുക്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കേരളാ ടൂറിസം 2018’. യൂറോപ്പില്‍ മലയാളികള്‍ നടത്തുന്ന ഏക വള്ളംകളി മത്സരവും കാണുന്നതിനും പ്രശസ്തമായ ‘അഗം’ ബാന്റ് ഉള്‍പ്പെടെയുള്ളവരുടെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍ ആസ്വദിക്കുന്നതിനുമായുള്ള അവസരം എല്ലാ? യു.കെ മലയാളികളും വിനയോഗിക്കണമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍): 07885467034, സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

പരിപാടി നടക്കുന്ന വിലാസം:

Farmoor Reservoir
Cumnor Road
Oxford
Oxfordshire
OX2 9NS

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.