സ്വന്തം ലേഖകന്‍: കുവൈറ്റില്‍ ഇനി ചെറിയ വാഹനാപകടങ്ങള്‍ക്ക് കോടതി കയറിയിറങ്ങണ്ട; പുതിയ നീക്കവുമായി കുവൈറ്റ് സര്‍ക്കാര്‍. ചെറിയ അപകടക്കേസുകള്‍ പൊലീസ് സ്‌റ്റേഷനില്‍ തീര്‍പ്പാക്കുന്ന പദ്ധതിയാണ് കുവൈറ്റ് ഭരണകൂടം മുന്നോട്ടുവക്കുന്നത്. ഇതിന്റ ഭാഗമായി എല്ലാ ഗവര്‍ണറേറ്റുകളിലും പദ്ധതി ബാധകമാക്കി. ജൂണ്‍ മൂന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയമ ഭേദഗതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് രാജ്യ വ്യാപകമാക്കാന്‍ തീരുമാനിച്ചത്.
ഇന്ന് മുതല്‍ രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലും ഈ സംവിധാനം പ്രാബല്യത്തിലാകും. മരണമോ ഗുരുതരമായ പരിക്കുകളോ ഇല്ലാത്ത ചെറിയ വാഹനാപകടങ്ങളില്‍ തെളിവെടുപ്പ് നടപടികള്‍ പൊലീസ് സ്‌റ്റേഷനില്‍ തീര്‍പ്പാക്കും. പുതിയ സംവിധാനമനുസരിച്ചു ചെറിയ വാഹനാപകടങ്ങളുണ്ടായാല്‍ പട്രോളിങ് വാഹനത്തെ കാത്തുനില്‍ക്കേണ്ടതില്ല. പകരം അപകടം പറ്റിയ വണ്ടിയുടെ ഫോട്ടോയുമായി അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് പോവുകയാണ് വേണ്ടത്.
വാഹന ഉടമകള്‍ പൊലീസ് സ്‌റ്റേഷനിലെത്തി 20 ദീനാറും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സത്യവാങ് മൂലവും നല്‍കിയാല്‍ പൊലീസ് സ്‌റ്റേഷനില്‍ സംഭവം തീര്‍പ്പാക്കുകയും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്യും. ഇത്തരം കേസുകളില്‍ തെളിവെടുപ്പ് എങ്ങനെയാണ് നടത്തേണ്ടതെന്ന കാര്യത്തില്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഈ പരിഷ്‌ക്കാരം കൊണ്ട് റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത് തടയുവാനാകുമെന്നാണ് ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല