സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അഭയാര്‍ഥി നയം വിമര്‍ശിക്കപ്പെടുന്നു; രാജി ഭീഷണിയുമായി ജര്‍മന്‍ ആഭ്യന്തര മന്ത്രി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സീഹോഫര്‍ സീഹോഫര്‍ രാജിവയ്ക്കുകയും അദ്ദേഹത്തിന്റെ സിഎസ് യു കക്ഷി സര്‍ക്കാരില്‍ നിന്നു പിന്മാറുകയും ചെയ്യുമെന്നാണ് ഭീഷണി. അങ്ങനെ സംഭവിച്ചാല്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാവും. സീഹോഫറെ അനുനയിപ്പിക്കാന്‍ ഒരുവട്ടം കൂടി ചര്‍ച്ചയ്ക്ക് മെര്‍ക്കല്‍ പക്ഷം തയാറെടുക്കുകയാണ്.
അഭയാര്‍ഥികള്‍ക്കു നേരെ വാതില്‍ കൊട്ടിയടയ്ക്കരുതെന്നും വരുന്നവരെ എല്ലാവരെയും സ്വീകരിക്കണമെന്നുമാണു മെര്‍ക്കലിന്റെ നയം. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അഭയാര്‍ഥികളെ ജര്‍മന്‍ അതിര്‍ത്തിയില്‍നിന്നു തന്നെ തിരിച്ചയയ്ക്കണമെന്നു സീഹോഫര്‍ ആവശ്യപ്പെടുന്നു. ഈയിടെ ഇയു ഉച്ചകോടിയില്‍ അഭയാര്‍ഥി പ്രശ്നത്തില്‍ ഉണ്ടാക്കിയ ധാരണ ഫലപ്രദമല്ലെന്നാണു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അഭയാര്‍ഥികള്‍ക്കായി വടക്കന്‍ ആഫ്രിക്കയുള്‍പ്പെടെയുള്ള മേഖലയിലും തെരഞ്ഞെടുത്ത യൂറോപ്യന്‍ രാജ്യങ്ങളിലും പ്രത്യേക ക്യാന്പുകള്‍ തുറക്കണമെന്നാണ് പ്രധാന നിര്‍ദേശം.
ജര്‍മനിയിലും ഇത്തരം ക്യാന്പു തുറന്ന് അഭയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. അതേസമയം യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ എത്തിച്ചേര്‍ന്ന ധാരണ സീഹോഫറുടെ പാര്‍ട്ടി ഉന്നയിക്കുന്ന വാദങ്ങളുമായി യോജിച്ചു പോകുന്നതാണെന്നു മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് യൂറോപ്പിലെത്തുന്ന അഭയാര്‍ഥികളുടെ പുനരധിവാസമായി ബന്ധപ്പെട്ട് ഇയു നേതാക്കള്‍ തമ്മില്‍ ധാരണയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല