സ്വന്തം ലേഖകന്‍: ബംഗ്ലാദേശി ചെക്കന് പാകിസ്താനി പെണ്ണ്; വ്യത്യസ്തമായ ഒരു കല്യാണത്തിന് വേദിയൊരുക്കി ദുബായിലെ മലയാളിയുടെ ആശുപത്രി. ദുബായിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഒരു ആശുപത്രിയാണ് അസുഖ ബാധിതനായ പിതാവിന്റെ സാനിധ്യത്തില്‍ കാനഡയില്‍ നിന്ന് ദുബായിലെത്തിയ ബംഗ്ലാദേശുകാരനായ റിബാതും പാകിസ്താനി വധു സനായുമായുള്ള വിവാഹത്തിന് വേദിയായത്.
ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ കുടുംബാംഗങ്ങളുടേയും ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. കാനഡയിലെ ടൊറന്റോയില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ യാത്ര ചെയ്താണ് ജൂലൈ 16നാണ് വധൂവരന്മാര് യു എ ഇയിലെത്തിയത്. റിബത്തിന്റെ അസുഖ ബാധിതനായ പിതാവ് ഷഹദത്ത് ചൗധരി(58) ആസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാലാണ് വിവാഹം ഇവിടേയ്ക്ക് മാറ്റിയത്.
ലളിതവും ഗംഭീരവുമായ ചടങ്ങില്‍ ദുബായിലെ ഇമാം നേതൃത്വം നല്കി. വധൂവരന്മാരുടെ മാതാപിതാക്കളും ഡോക്ടര്‍മാരും നഴ്സുമാരും അടുത്ത ബന്ധുക്കളും സാക്ഷികളായി. ഇതാദ്യമാണ് യുഎഇയിലെ ആശുപത്രിയില്‍ വിവാഹം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. കാനഡയിലെ ടൊറാന്റോയില്‍ ഈ മാസം 16 ന് ദമ്പതികള്‍ 200 പേര് പങ്കെടുക്കുന്ന സല്കാരമൊരുക്കിയിട്ടുണ്ട്. കാനഡയിലെ യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴാണ് റിബത്തും സനായും പരിചയപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല