സ്വന്തം ലേഖകന്‍: ഇടുക്കിയില്‍ വന്‍ കള്ളനോട്ട് വേട്ട; സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇടുക്കി വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇതേ തുടര്‍ന്ന് കൊല്ലത്ത് നടത്തിയ പരിശോധനയില്‍ കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടി.ഐ ക്ക് സമീപം രമാദേവിയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷീനും പിടിച്ചെടുത്തു. 500 ന്റെയും 200 ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വട്ടവടയില്‍ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയില്‍ 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊല്ലത്താണ് കള്ളനോട്ടുകള്‍ അച്ചടിക്കുന്നെന്ന വിവരം പൊലീസിനു ലഭിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘം കൊല്ലത്തെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.
പുലര്‍ച്ചെ മൂന്നു മണിയോടെ ആരംഭിച്ച പരിശോധന രാവിലെ പത്തുമണിയോടെയാണ് അവസാനിച്ചത്. കൊല്ലത്തെ ആഡംബര വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. നടിയുടെ അമ്മയെ ഇവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവിടം കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസമായി കള്ളനോട്ടടി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല