1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2018

സ്വന്തം ലേഖകന്‍: ‘വിശക്കുന്നു…’ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമുമായി രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ സംഭാഷണം പുറത്ത്; രക്ഷാപ്രവര്‍ത്തനം മാസങ്ങള്‍ നീളുമെന്ന് സൂചന. ഇരുളടഞ്ഞ വെള്ളത്തിലൂടെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ കണ്ടെത്തുമ്പോള്‍ വെള്ളം കയറാത്ത ഗുഹാമുഖത്തുനിന്ന് ഒരുപാടകലെ നിലത്ത് സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു.

കൈയിലെ ടോര്‍ച്ച് മുഖത്തേക്കു തെളിച്ച് ഒരു കുട്ടിയോടു രക്ഷാപ്രവര്‍ത്തകനായ ബ്രിട്ടിഷ് ഡൈവര്‍മാരിലൊരാള്‍ ചോദിച്ചു, നിങ്ങള്‍ എത്രപേരുണ്ട്? 13 എന്ന് മറുപടി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി അവര്‍ എല്ലാവരും ഒരിടത്തുതന്നെയുണ്ടായിരുന്നു. ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളും കോച്ചും പത്താം ദിനം രക്ഷിക്കാനായി എത്തിയവരോട് ആദ്യം പറഞ്ഞത് നന്ദിയെന്നാണ്. കുട്ടികളും രക്ഷാപ്രവര്‍ത്തകരും തമ്മിലുള്ള സംഭാഷണം,

കുട്ടികള്‍: ഹേയ്… നന്ദി, നന്ദി

രക്ഷാപ്രവര്‍ത്തകന്‍: നിങ്ങള്‍ എത്രപേരുണ്ട്?

കുട്ടി: 13

രക്ഷാപ്രവര്‍ത്തകന്‍: 13, ബ്രില്യന്റ്

കുട്ടി: നമ്മള്‍ ഇന്നു തിരിച്ചുപോകില്ലേ?

രക്ഷാപ്രവര്‍ത്തകന്‍: ഇന്നല്ല, ഇന്നല്ല. ഞങ്ങള്‍ രണ്ടുപേരേ ഉള്ളൂ. ഞങ്ങള്‍ വരുന്നുണ്ടെന്ന് അവരോടു പറയണം. കുഴപ്പമില്ല. കുറേപ്പേര്‍ വരുന്നുണ്ട്. ഞങ്ങള്‍ ആദ്യം എത്തിയെന്നേ ഉള്ളൂ.

കുട്ടി: ഇന്ന് ഏതു ദിവസമാണ്?

രക്ഷാപ്രവര്‍ത്തകന്‍: ഇന്ന് ഏതു ദിവസമാണെന്നോ? തിങ്കളാഴ്ച, തിങ്കളാഴ്ച. നിങ്ങള്‍ ഇതിനകത്ത് അകപ്പെട്ടിട്ട് 10 ദിവസമായി, 10 ദിവസം. നിങ്ങള്‍ വളരെ ശക്തരാണ്. വളരെ ശക്തരാണ്.

കുട്ടി: (പറയുന്നത് വ്യക്തമല്ല)

രക്ഷാപ്രവര്‍ത്തകന്‍: ഓകെ. ഞങ്ങള്‍ വരും.

കുട്ടി: ഞങ്ങള്‍ക്കു വിശക്കുന്നു

രക്ഷാപ്രവര്‍ത്തകന്‍: അറിയാം, അറിയാം, ഞാന്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ വരാം. ഓകെ. ഞങ്ങള്‍ വരാം.

മറ്റൊരു കുട്ടി: ഞങ്ങള്‍ക്കു വിശക്കുന്നുവെന്നു അവരോടു പറയൂ (തായ് ഭാഷയില്‍)

കുട്ടി: അവര്‍ക്കതറിയാമെന്നു പറഞ്ഞു (തായ് ഭാഷയില്‍)

രക്ഷാപ്രവര്‍ത്തകന്‍: ഞങ്ങള്‍ വന്നു, ഞങ്ങള്‍ വന്നു.

മറ്റൊരു കുട്ടി: ഞങ്ങള്‍ ഒന്നും കഴിച്ചിട്ടില്ല (തായ് ഭാഷയില്‍) ഞങ്ങള്‍ക്കു ഭക്ഷണം വേണം, ഭക്ഷണം വേണം, ഭക്ഷണം വേണം.

കുട്ടി: അവരോടു പറഞ്ഞിട്ടുണ്ട് (തായ് ഭാഷയില്‍).

രക്ഷാപ്രവര്‍ത്തകന്‍: നാവികസേനയുടെ സീല്‍ വിഭാഗം നാളെയെത്തും ഭക്ഷണവുും ഡോക്ടര്‍മാരുമുള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളുമായി.

കുട്ടികള്‍: ഞങ്ങള്‍ക്കു സന്തോഷമായി.

രക്ഷാപ്രവര്‍ത്തകര്‍: ഞങ്ങള്‍ക്കും

കുട്ടികള്‍: നന്ദി, വളരെയധികം നന്ദിയുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍: ഓകെ

കുട്ടികള്‍: നിങ്ങള്‍ എവിടെനിന്നുള്ളവരാണ്?

രക്ഷാപ്രവര്‍ത്തകന്‍: ഇംഗ്ലണ്ട്, യുകെ.

കുട്ടികള്‍: ഓഹ്!

ബ്രിട്ടിഷ് ഡൈവര്‍മാരായ ജോണ്‍ വോളന്തെനും റിക് സ്റ്റാന്റനുമാണ് കുട്ടികളെയും കോച്ചിനെയും ആദ്യം കണ്ടെത്തിയത്. ബ്രിട്ടിഷ് കേവ് റെസ്‌ക്യൂ കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ഗുഹകളില്‍ അകപ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതില്‍ വിദഗ്ധരാണ്. കുട്ടികളെയും കോച്ചിനെയും പത്താം ദിനം ജീവനോടെ കണ്ടെത്തിയെങ്കിലും ഇവരെ പുറത്തെത്തിക്കുന്നതിന് കാലതാമസം നേരിടുമെന്നാണ് സൂചന. വെള്ളപ്പൊക്കത്തിലായ ഗുഹയിലെ പാറയില്‍ അഭയം തേടിയവരെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ മാസങ്ങള്‍ നീണ്ടേക്കുമെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടു ചെയ്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.