ലണ്ടന്‍: റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് പ്രധാന കാരണം മദ്യപാനമാണ്. മദ്യപിച്ച് വാഹനമോടിക്കുന്ന രീതി ഇല്ലാതാക്കാന്‍ വലിയ ശ്രമങ്ങളാണ് യു.കെയിലുണ്ടായിട്ടുള്ളത്. ഈ ശ്രമങ്ങള്‍ പുരോഗമിക്കുമ്പൊഴും യു.കെയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ജൂണില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടികള്‍ കര്‍ശനമാക്കിയപ്പോള്‍ നിരവധി ഡ്രൈവര്‍മാരാണ് പിടിക്കപ്പെട്ടത്.
പോലീസ് പരിശോധിച്ച 5,373 ഡ്രൈവര്‍മാരില്‍ 6% ആളുകളും മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നത്. മുന്‍വര്‍ഷം ഇത് 5.6% ആയിരുന്നു. ഇംഗ്ലണ്ടിലും, വെയില്‍സിലും, അയര്‍ലണ്ടിലുമായി ജൂണില്‍ 88,629 ഡ്രൈവര്‍മാരെ പോലീസ് പരിശോധിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ ഓഫ് ചീഫ് പോലീസ് ഓഫീസേഴ്‌സ് പറയുന്നത്.
ഇതിനു പുറമേ കൂടിവരുന്ന മദ്യപാനികളായ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും യുവാക്കളാണ്. 25ന് താഴെയുള്ള ഡ്രൈവര്‍മാരില്‍ 7.40% ആളുകളും മദ്യപിച്ചാണ് വാഹനമോടിക്കുന്നത്. 25ന് മുകളിലുള്ളവര്‍ 5.6% മാത്രമാണ്.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ ഫിലിപ്പ് ഗോര്‍മ്‌ലെ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നത് ഞെട്ടലുണ്ടാക്കുന്നു. കഴിഞ്ഞമാസത്തെ ഡ്രഗ് ആന്റ് ഡ്രൈവിംങ് ക്യാമ്പയിനിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30% അധികം ആളുകളാണ് ലഹരിഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മയക്കമരുന്ന് ഉപയോഗിച്ചശേഷം ഡ്രൈവിങ് നടത്തുന്നവരെ കണ്ടെത്താനുള്ള ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ കണ്ടുപിടിക്കാന്‍ വേണ്ടി സാങ്കേതിക സഹായവും നിയമസഹായവും ഉറപ്പുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്ന ഒന്നാണ് മയക്കുമരുന്ന് ഉപയോഗം. ഇതിനെതിരെ നടപടിയെടുക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ഇത്തരം ഡ്രൈവര്‍മാര്‍ മറ്റുഡ്രൈവമാര്‍ക്ക് ഭീഷണിയാവും.
മദ്യപിച്ച് വാഹമോടിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശ്ചര്യജനകമാണെന്നാണ് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംങ് പറയുന്നത്. യുവാക്കളും ഈ രീതി പിന്‍തുടരുന്നു എന്നതാണ് പേടിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല