സ്വന്തം ലേഖകന്‍: വിവാദം വിട്ടൊഴിയാതെ ബ്രിട്ടന്റെ വിന്റ്രഷ് കുടിയേറ്റം നയം; 93 ഇന്ത്യന്‍ വംശജര്‍ കൂടി നടപടിക്ക് ഇരയായി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയവരെ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്ത ബ്രിട്ടന്റെ വിന്റ്രഷ് കുടിയേറ്റം നയം 93 ഇന്ത്യന്‍ വംശജരെ കൂടി ബാധിച്ചതായി റിപ്പോര്‍ട്ട്. അനധികൃത താമസക്കാരെന്ന നിലയില്‍ 93 ഇന്ത്യക്കാര്‍ കുടുങ്ങിയതായി ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ഈ 93 ഇന്ത്യക്കാര്‍ക്കും താമസത്തിനും തൊഴിലെടുക്കുന്നതിനുമുള്ള അവകാശത്തിനായുള്ള നിയമപരമായ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങളും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേകസംഘം ആരംഭിച്ചിട്ടുണ്ട്. 1973 ല്‍ കുടിയേറ്റ ചട്ടങ്ങള്‍ കടുപ്പിക്കുന്നതിനു മുമ്പ് ബ്രിട്ടനിലേക്ക് കുടിയേറിയവരുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഇവരാണ്. ഇത്തരത്തില്‍ കരീബിയന്‍ രാജ്യങ്ങളില്‍നിന്ന് എത്തിയ 2125 പേരുടെ കേസുകള്‍ നിയുക്ത സംഘം തീര്‍പ്പാക്കിയിരുന്നു.
എന്നാല്‍, ഇതാദ്യമായാണ് ഇന്ത്യന്‍ വംശജര്‍ വിന്റ്രഷ് കുടിയേറ്റം നയത്തിന്റെ കുരുക്കില്‍ കുടുങ്ങിയ വിവരം പുറത്തുവരുന്നത്. 1948 നും 1971 നും ഇടയില്‍ നേരത്തെ ബ്രിട്ടീഷ് കോളനികള്‍ ആയിരുന്ന രാജ്യങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്നവരെ ബ്രിട്ടന് വിശേഷിപ്പിക്കുന്നത് വിന്റ്രഷ് തലമുറ എന്നാണ്. ഇതില്‍ കൂടുതലും കരീബിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. എച്ച്.എം.ടി എംപയര്‍ വിന്റ്രഷ് എന്നു പേരുള്ള കപ്പലിലാണ് ഇവരുടെ ആദ്യ സംഘം എത്തിയത് എന്നതിനാലാണ് ഈ പേര്.
എന്നാല്‍, ഇവരെ പിന്നീട് ബ്രിട്ടീഷ് ഭരണകൂടം മോശമായാണ് കൈകാര്യം ചെയ്തതെന്ന ആരോപണം വന്‍ വിവാദത്തിന് വഴിവെച്ചു. പലരെയും നാടുകടത്തുകയും തടവിലിടുകയും ചെയ്തതായാണ് ആരോപണം. വിവാദം തെരേസാ മേയുടെ ആഭ്യന്തര സെക്രട്ടറിയായ അംബൂര്‍ റൂഡിന്റെ രാജിയില്‍ കലാശിക്കുകയും ചെയ്തു. ഈ നയം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായതോടെ കഴിഞ്ഞ മേയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വിന്റ്രഷ് കുടിയേറ്റ പദ്ധതിയ്ക്ക് രൂപം നല്‍കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല