സ്വന്തം ലേഖകന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കില്‍ നിന്ന് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹിമ ദാസ്. അണ്ടര്‍ 20 ലോകചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററിലാണ് ഹിമ സ്വര്‍ണം സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കിനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും പതിനെട്ടുകാരിയായ ഹിമ സ്വന്തം പേരിലാക്കി.
51.46 സെക്കന്റിലാണ് ഹിമ 400 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ലോകജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ഹിമ മാറി. നേരത്തെ 2016 ല്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയിരുന്നു. സുവര്‍ണനേട്ടത്തിന് പിന്നാലെ ഹിമയെ തേടി പ്രമുഖരുടെ അഭിനന്ദനപ്രവാഹമാണ്.
ഹിമയുടെ നേട്ടത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല