സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് എതിരേ രൂക്ഷവിമര്‍ശനം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മണിക്കൂറുകള്‍ക്കകം നിലപാടു മാറ്റി. തെരേസാ മേയുടെ ബ്രെക്സിറ്റ് പദ്ധതി യുഎസും ബ്രിട്ടനും തമ്മിലുള്ള വാണിജ്യബന്ധത്തിന് അന്ത്യംകുറിക്കുമെന്നു ബ്രസല്‍സില്‍ സണ്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
ബ്രെക്സിറ്റിലെ ഭിന്നതയെത്തുടര്‍ന്നു മേ കാബിനറ്റില്‍നിന്നു രാജിവച്ച ബോറീസ് ജോണ്സണ് പ്രധാനമന്ത്രിയാവാന്‍ യോഗ്യനാണെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ബ്രിട്ടന് അപമാനമാണെന്നു പല എംപിമാരും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മേയുമായി ചെക്കേഴ്സില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് മേയെ പ്രശംസകൊണ്ടു മൂടി.
ബ്രെക്സിറ്റ് വന്‍ അവസരങ്ങളാണു പ്രദാനം ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ യുകെ എടുക്കുന്ന ഏതു നിലപാടിനോടും തനിക്കു യോജിപ്പാണെന്നും ട്രംപ് പറഞ്ഞു. ബ്രിട്ടനുമായി മികച്ച വാണിജ്യബന്ധത്തിനാണു യുഎസ് ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സവിശേഷപ്രാധാന്യമുള്ളതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മേ അസാധാരണശക്തിയുള്ള വനിതയാണെന്നും അവര്‍ വന്കാര്യങ്ങളാണു നിര്‍വഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല