സ്വന്തം ലേഖകന്‍: റാവല്‍പിണ്ടി ജയിലില്‍ തനിക്ക് സാധാരണ സൗകര്യങ്ങള്‍ മാത്രം മതിയെന്ന് അറസ്റ്റിലായ നവാസ് ഷെരീഫിന്റെ മകള്‍ മറിയം. റാവല്‍പിണ്ടി അട്യാല ജയിലില്‍ ലഭിച്ച അധിക സൗകര്യങ്ങള്‍ അവര്‍ നിരസിച്ചു. നവാസ് ഷരീഫ് എന്ന ധീരനായ മനുഷ്യന്റെ മകളാണെന്ന ഒറ്റക്കാരണം കൊണ്ടാണു തനിക്ക് ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിയേണ്ടി വന്നിരിക്കുന്നതെന്നു ജയിലിലേക്കു പോകുന്നതിനു തൊട്ടുമുന്‍പ് വികാരനിര്‍ഭരമായ ഓഡിയോ സന്ദേശത്തില്‍ മറിയം വ്യക്തമാക്കി.
അഴിമതിക്കേസിലെ വിധിക്കെതിരെ ഷരീഫ് കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും. വെള്ളിയാഴ്ച രാത്രി ലഹോറില്‍ വിമാനം ഇറങ്ങിയ പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രിയെയും മകളെയും അറസ്റ്റ് ചെയ്ത് അട്യാല ജയിലിലാക്കുകയായിരുന്നു. ധനിക കുടുംബത്തിലെ അംഗമെന്ന നിലയില്‍ മറിയത്തിനു ജയിലില്‍ ബി ക്ലാസ് സൗകര്യമാണു വാഗ്ദാനം ചെയ്തത്. ഇതിന്റെ ഭാഗമായി മെത്തകള്‍, മേശ, കസേര, സീലിങ് ഫാന്‍, ടിവി, പത്രങ്ങള്‍ എന്നിവ സ്വന്തം ചെലവില്‍ കൊണ്ടുവരാം.
എന്നാല്‍ ഇതെല്ലാം സ്വന്തം ഇഷ്ടപ്രകാരം വേണ്ടെന്നുവയ്ക്കുകയാണെന്നു മറിയം അറിയിച്ചു. എന്നാല്‍ നവാസ് ഷരീഫും മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറും ബി ക്ലാസ് സൗകര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്‍പ്രധാനമന്ത്രി എന്ന നിലയില്‍ നവാസ് ഷരീഫിനു ജയിലില്‍ എ ക്ലാസ് സൗകര്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ നവാസ് ഷരീഫിന്റെ അമ്മ, സഹോദരന്‍ ഷഹ്ബാസ്, മറിയത്തിന്റെ മകള്‍ തുടങ്ങിയവരടങ്ങുന്ന കുടുംബാംഗങ്ങള്‍ ജയില്‍ സന്ദര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല