സ്വന്തം ലേഖകന്‍: തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ 12 കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു; എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാര്‍. ലുവാങ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളും പരിശീലകനും പ്രാദേശിക സമയം ആറു മണിയോടെ മാധ്യമങ്ങളെ കാണുകയും ചെയ്തു. എല്ലാവര്‍ക്കും കുട്ടികള്‍ നന്ദി അറിയിച്ചു.
ഗുഹയ്ക്ക് പുറത്തെത്തിയ കുട്ടികളെ കാണാന്‍ ആദ്യദിവസങ്ങളില്‍ അവരുടെ മാതാപിതാക്കളെപ്പോലും അനുവദിച്ചിരുന്നില്ല. അണുബാധയെ ഭയന്നാണ് അവരെ കുട്ടികളുടെ അടുത്തേക്കു പോലും വിടാതിരുന്നത്. ജൂണ്‍ 23നാണ് പത്ത് കിലോ മീറ്റര്‍ നീളമുള്ള താം ലുവാങ് ഗുഹയ്ക്കകത്ത് ‘വൈല്‍ഡ് ബോഴ്‌സ് ‘ ഫുട്‌ബോള്‍ ക്ലബിലെ 12 കുട്ടികളും പരിശീലകനും പ്രവേശിച്ചത്. ഫുട്‌ബോള്‍ പരിശീലനത്തിനായി ഇവിടെയെത്തിയതായിരുന്നു സംഘം.
എന്നാല്‍, ഇവര്‍ അകത്തു പ്രവേശിച്ച ശേഷം പെയ്ത കനത്ത മഴയില്‍ ഗുഹയിലേക്കു വെള്ളം ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഗുഹാമുഖം ചെളിയും മാലിന്യവും നിറഞ്ഞ് അടയുകയും ചെയ്തു. തുടര്‍ന്ന് ഗുഹയ്ക്കകത്തെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് നാലു കിലോ മീറ്റര്‍ അകലെ പട്ടായ ബീച്ച് എന്ന് അറിയപ്പെടുന്ന ഉയര്‍ന്ന സ്ഥലത്ത് സംഘം അഭയം പ്രാപിക്കുകയായിരുന്നു.
ഒന്‍പതു ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബ്രിട്ടീഷ് നീന്തല്‍ വിദഗ്ധരായ ജോണ്‍ വോളന്തനും റിച്ചാര്‍ഡ് സ്റ്റാന്റനും ചേര്‍ന്നു ഗുഹയ്ക്കകത്തു കുട്ടികളെ കണ്ടെത്തിയത്. പുറത്ത് മഴ കനത്തതിനാല്‍ നാലു കുട്ടികളെ പുറത്തെത്തിക്കാന്‍ നാലു മാസമെടുക്കുമെന്നായിരുന്നു ആദ്യം അധികൃതര്‍ നല്‍കിയ വിവരം. എന്നാല്‍ അത്ഭുതകരമായി ജൂലൈ എട്ടിന് ഞായറാഴ്ച നാലു കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു.
തിങ്കളാഴ്ചയും നാലുപേരെ കൂടി രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാംഘട്ടത്തിലാണു ബാക്കി അഞ്ചുപേരെ കൂടി പുറത്തെത്തിച്ചു ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല