ലണ്ടന്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തന്റെ തന്നെ അശ്രദ്ധമൂലം ഔട്ടായ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്ലിനെ തിരിച്ചു വിളിയ്ക്കാനുള്ള തീരുമാനമെടുത്ത്, ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്ന് തെളിയിച്ചതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയ്ക്ക് ക്രിക്കറ്റ് ലോകത്ത്‌നിന്നും മാധ്യമങ്ങളില്‍നിന്നും അഭിനന്ദനപ്രവാഹമായിരുന്നു. വിവിധകോണുകളില്‍ നിന്നുള്ള അഭിനന്ദനങ്ങളുടെ കുത്തൊഴുക്ക് ഇപ്പോഴും നിലച്ചിട്ടില്ല.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ധോണിയല്ല സച്ചിനാണ് ബെല്ലിനെ തിരിച്ചു വിളിയ്ക്കാന്‍ തീരുമാനമെടുത്തതെന്ന് ഇംഗ്ലീഷ് ദിനപത്രമായ ‘ദി ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്തു. ധോണിയ്ക്ക് ബെല്ലിനെ തിരിച്ചു വിളിയ്ക്കാന്‍ സമ്മതമല്ലായിരുന്നുവെന്നും സച്ചിന്‍ ഇടപെട്ടതിനാലാണ് ധോണി തീരുമാനം മാറ്റിയതെന്നും ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സച്ചിന്റെ അവസരോചിതമായ ഇടപെടല്‍ വലിയൊരു വിവാദത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിനെ കരകയറ്റിയെന്നും തീരുമാനം മറിച്ചായിരുന്നെങ്കില്‍ അത് ഇരുടീമുകളുടെയും ക്രിക്കറ്റ്‌ബോര്‍ഡുകളുടെയും ബന്ധത്തില്‍പ്പോലും ചിലപ്പോള്‍ വിള്ളലുകള്‍ തീര്‍ത്തേനെയെന്നും പത്രം പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സ്വാധീനശക്തിയുള്ള പ്രതിഭയാണ് സച്ചിനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോഴായിരുന്നു നാടകീയ മുഹൂര്‍ത്തം അരങ്ങേറിയത്. സെഞ്ചുറിയോടെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗിന് കരുത്തായ ഇയാന്‍ ബെല്ലിനാണ് വീണ്ടും ജീവന്‍ കിട്ടിയത്. ചായക്കു പിരിയുന്നതിനു തൊട്ടു മുമ്പത്തെ പന്തില്‍ ബെല്‍ റണ്ണൗട്ടായതായിരുന്നു. ഇയാന്‍ മോര്‍ഗാന്‍ അവസാന പന്ത് അതിര്‍ത്തി കടത്താന്‍ ശ്രമിച്ചത് പ്രവീണ്‍ കുമാര്‍ തടഞ്ഞു. പന്ത് അതിര്‍ത്തി കടന്നെന്ന ധാരണയില്‍ മൂന്നാം റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം ബെല്‍ ക്രീസ് വിട്ടു. പന്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍നിന്ന ഫീല്‍ഡറുടെ കൈയിലെത്തുമ്പോള്‍ ബെല്‍ ക്രീസിലില്ലായിരുന്നു. ഇന്ത്യയുടെ അപ്പീലിന്മേല്‍ ടി വി റിപ്ലേയില്‍ മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചു.
എന്നാല്‍ അപ്പീല്‍ പിന്‍വലിച്ച് ബെല്ലിനെ തിരിച്ചുവിളിക്കാന്‍ ഇന്ത്യന്‍ നായകന്‍ ധോണി ആവശ്യപ്പെടുകയായിരുന്നു. ചായ ഇടവേളയില്‍ ടീം മാനേജുമെന്റുമായി ആലോചിച്ചതിന് ശേഷമാണ് ബെല്ലിനെ തിരിച്ചുവിളിക്കാന്‍ അമ്പയര്‍മാരോട് ധോണി ആവശ്യപ്പെടുകയായിരുന്നു. ബെല്ലിനെ തിരിച്ച് വിളിച്ച തീരുമാനത്തെ കൈയ്യടിയോടെയാണ് ട്രെന്റ്ബ്രിഡ്ജിലെ ആരാധകര്‍ സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല