സ്വന്തം ലേഖകന്‍: 22 വര്‍ഷമായി ആമസോണ്‍ കാടുകളില്‍ ഏകനായി ജീവിക്കുന്നയാള്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തല്‍. ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളിലൂടെയാണ് തദ്ദേശീയ ഗോത്ര വിഭാഗത്തിലെ ജീവിച്ചിരിക്കുന്ന അവസാന വ്യക്തി ഇപ്പോഴും ജീവനോടെയുണ്ടെന്ന വിവരം പുറംലോകമറിയുന്നത്. 2011 ലാണ് രംഗങ്ങള്‍ ചിത്രീകരിച്ചതെങ്കിലും ഈ വര്‍ഷം മേയ് വരെ അയാള്‍ ജീവനോടെയുള്ളതായി ഫൗണ്ടേഷന്‍ അധികൃതര്‍ സാക്ഷ്യപ്പെടുതുന്നു.
മണ്ണിനു വേണ്ടിയുള്ള കലാപത്തില്‍ ഉറ്റവരെല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതപ്പെടുന്ന ആ മനുഷ്യനെ 1996 മുതല്‍ ഫൗണ്ടേഷന്‍ നിരീക്ഷിക്കുന്നുണ്ട്. റോണ്ടോണിയ സംസ്ഥാനത്തിലെ വനത്തിലാണ് ഇയാള്‍ വര്‍ഷങ്ങളായി കഴിയുന്നത്. 1980 കളില്‍ കാട്ടിലേക്ക് അതിക്രമിച്ചുകടന്ന മരംവെട്ടുകാരും കര്‍ഷകരുമാണ് ഇയാളുടെ വംശത്തെ ഉന്മൂലനം ചെയ്തത്.
വംശത്തിലെ അവസാന കൂട്ടാളിയും 1995 96 കാലയളവില്‍ കൊല്ലപ്പെട്ടതോടെ ഇയാള്‍ തികച്ചും ഏകനായി. പിന്നാലെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച പ്രദേശത്ത് ആരും കടക്കാന്‍ ശ്രമിക്കാത്തതു കാരണമാണ് ആ മനുഷ്യന്റെ ജീവന്‍ അവശേഷിച്ചതെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ പറഞ്ഞു. 55നും 60നും ഇടയില്‍ പ്രായം പ്രതീക്ഷിക്കുന്ന അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. പുറംലോകവുമായി യാതൊരു ബന്ധവും പുലര്‍ത്താത്തതിനാല്‍ ഫൗണ്ടേഷന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിടികൊടുത്തില്ല.
എങ്കിലും ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്താനായി എല്ലാ മാസവും സംഘം കാടു കയറും. എല്ലാ പ്രാവശ്യവും മനുഷ്യനെ കാണാന്‍ സാധിക്കാറില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ മേയില്‍ കാല്‍പാടുകളും മുറിക്കപ്പെട്ട മരവും കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ജീവനോടെയുണ്ടെന്ന കാര്യം ഉറപ്പുവരുത്തിയത്. ഓരോ യാത്രയിലും സംഘം കാട്ടില്‍ ഉപേക്ഷിച്ചുപോരുന്ന വിത്തുകളും ആയുധവും ഉപയോഗിച്ച് ചോളം, ഉരുളക്കിഴങ്ങ്, പപ്പായ, പഴം എന്നിവ കൃഷി ചെയ്തതായും സംഘം കണ്ടെത്തി.
വളരെ ദൂരെനിന്ന് എടുത്ത ചിത്രത്തില്‍ ഇയാള്‍ മഴു ഉപയോഗിച്ച് മരം മുറിക്കാനായി ശ്രമിക്കുന്നതാണ് കാണാനാകുക. അവസാനമായി 1990ല്‍ ഡോക്യുമെന്ററി സംവിധായകനെടുത്ത ചിത്രത്തിലാണ് ഇയാളുടെ മുഖം പതിഞ്ഞത്. എന്നാല്‍, ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍ മറഞ്ഞ നിലയിലായിരുന്നു അത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല