സ്വന്തം ലേഖകന്‍: വൈന്‍ ഉണ്ടാക്കാന്‍ ഓണ്‍ലൈനില്‍ വിഷപ്പാമ്പിനെ വാങ്ങി; ചൈനക്കാരി പാമ്പുകടിയേറ്റ് മരിച്ചു. കടിയേറ്റ് എട്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ത്രീ മരിച്ചതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. സുവാന്‍സുവാന്‍ എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് യുവതി വിഷപ്പാമ്പിനെ വാങ്ങിയത്. സ്ഥലത്തെ പ്രദേശിക കൊറിയര്‍ സര്‍വീസാണ് പാമ്പിനെ യുവതിയുടെ അടുത്തെത്തിച്ചത്.
എന്നാല്‍ കൊറിയര്‍ സര്‍വീസുകാര്‍ക്ക് എന്താണ് പൊതിയ്ക്കുള്ളിലെന്ന് അറിയില്ലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെട്ടി തുറന്നപ്പോള്‍ യുവതിയെ കടിച്ചശേഷം രക്ഷപ്പെട്ട പാമ്പിനെ വനംവകുപ്പ് അധികൃതര്‍ വീടിന് സമീപത്തുനിന്നും പിടികൂടി വനത്തിലേക്ക് വിട്ടു. പാമ്പുകളെ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കുക എന്നത് ചൈനയിലെ പരമ്പരാഗത രീതിയാണ്.
പാമ്പിനെ പൂര്‍ണമായി മദ്യത്തില്‍ മുക്കിവെച്ചാണ് വൈന്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കുന്ന വൈനിന് വീര്യം വളരെ കൂടുതലായിരിക്കും. ഓണ്‍ലൈന്‍ വഴിയുള്ള വന്യജീവി വില്‍പ്പന ചൈനയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ചെറുകിട ഓണ്‍ലൈന്‍ സൈറ്റുകളില്‍ അനധികൃതമായി ഇത്തരം കച്ചവടം ഇപ്പോഴും നടക്കുന്നുണ്ട്. ഇത്തരം ഒരു സൈറ്റില്‍ നിന്നാണ് യുവതി പാമ്പിനെ വാങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല