സ്വന്തം ലേഖകന്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; മോഹന്‍ലാലിനെതിരായി ഹര്‍ജിയില്‍ ഒപ്പുവച്ചില്ലെന്ന് പ്രകാശ്രാജ് അടക്കമുള്ളവര്‍. മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ചലച്ചിത്ര മന്ത്രി എകെ ബാലന് വ്യക്തമാക്കി.
അതിനിടെ മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതിയ ചിലര്‍ തങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന വിശദീകരണവുമായി രംഗത്തെത്തി. കുറച്ചാളുകള്‍ മുഖ്യമന്ത്രിക്ക് പുറമെ മറ്റൊരു മുഖ്യാതിഥി പങ്കെടുക്കുന്നതിലെ സാംഗത്യമില്ലായ്മ ചൂണ്ടിക്കാട്ടിയപ്പോള്‍ ചിലര്‍ അത് മോഹന്‍ലാലിനെതിരെയുള്ള ആക്രമണമായി മുതലെടുത്തുവെന്നും ആരോപണമുണ്ട്.
തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത് മോഹന്‍ലാലിന്റെ സാന്നിധ്യം ഊര്‍ജ്ജം പകരുമെന്നാണ്. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെ ക്ഷണിക്കുകതന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
മുഖ്യാതിഥി എന്ന രീതിയിലല്ലാതെ ലാലിന്റെ സാന്നിധ്യം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തകര്‍ എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നൂറുപേരിലധികം ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് കൈമാറാനാണ് ഇവര്‍ തയാറാക്കിയത്.
എന്നാല്‍ ഒപ്പിട്ട പലരും ഇന്ന് യഥാര്‍ഥ കാര്യമറിയാതെയാണ് ഒപ്പിട്ടതെന്ന് തുറന്നുപറയുകയും ചെയ്തിരുന്നു. സിനിമാ സംഘടനകളെല്ലാം മോഹന്‍ലാലിനുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. ലാലിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടെന്നും ഈ സംഘടനകള്‍ പറയുന്നു. ഇവരും ഇക്കാര്യങ്ങള്‍ വിശദമാക്കി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല