സ്വന്തം ലേഖകന്‍: രണ്ടാം ബ്രെക്സിറ്റ് ഹിതപരിശോധനക്കായുള്ള ഒപ്പു ശേഖരണത്തിന് വന്‍ പ്രതികരണം; തെരേസാ മേയുടെ ബ്രെക്സിറ്റ് ഡീലുകള്‍ക്ക് നേരെ മുഖം തിരിച്ച് യൂറോപ്യന്‍ യൂണിയന്; നോ ഡീല്‍ ബ്രെക്സിറ്റിന് സാധ്യതയേറുന്നു. ബ്രെക്സിറ്റ് ഡീലുകളെ സംബന്ധിച്ചുള്ള അവസാന വാക്ക് ജനങ്ങളുടേതാകണമെന്നാവശ്യപ്പെട്ട് പ്രമുഖ മാദ്ധ്യമമായ ദി ഇന്‍ഡിപെന്‍ഡന്റ് നടത്തുന്ന ക്യാംപെയിനില്‍ ഒപ്പു വച്ചവരുടെ എണ്ണം രണ്ടര ലക്ഷം കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓണ്‍ലൈന്‍ പെറ്റിഷനില്‍ ഒപ്പു വയ്ക്കുന്നതിന് ആരംഭിച്ച ക്യാംപെയ്ന് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വന്‍ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ അടക്കമുള്ള പ്രമുഖ നേതാക്കളും ക്യാംപെയ്ന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മുന്‍ ടോറി മന്ത്രിയായിരുന്ന ജസ്റ്റിന് ഗ്രീനിങ്, ലിബറല്‍ ഡെമോക്രാറ്റ് ലീഡര്‍ വിന്‍സ് കേബിള്‍, ഗ്രീന്‍ ലീഡര്‍ കരോളിന് ലൂക്കാസ് എന്നിവരാണ് ക്യാമ്പയിന് പിന്തുണയുമായെത്തിയ മറ്റ് നേതാക്കള്‍.
ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിട്ടതിന് ശേഷം രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാകണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജനങ്ങള്‍ തന്നെയാകണമെന്നാണ് ഇവരുടെ വാദം. തെരേസാ മേയ് യൂറോപ്യന്‍ യൂണിയന് നല്കിയ ബ്രെക്സിറ്റ് രേഖകള്‍ ബ്രസല്‍സ് തള്ളിയിരുന്നു. ഇയു ബ്രെക്സിറ്റ് ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ മേയുടെ പ്രൊപ്പോസലുകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
യുകെ 2019ല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിന് മുമ്പ് ഇലക്ടറേറ്റിന് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കണമെന്നാണ് ദി ഫൈനല്‍ സേ എന്ന ക്യാമ്പയിന് ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു ദി ഇന്റിപെന്റന്റ് ക്യാമ്പയിന് ആരംഭിച്ചത്. ബ്രെക്സിറ്റ് ഡീല്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനുളള അവസരം ജനത്തിന് നല്‍കണമെന്നാണ് ഈ പെറ്റീഷന് ആവശ്യപ്പെടുന്നത്.
ഡീല്‍ സ്വീകരിക്കുകയാണെങ്കില്‍ ഏത് തരത്തിലുള്ള ഡീലായിരിക്കണമെന്ന് തെരഞ്ഞെടുക്കാനും അവസരം നല്‍കണം. അഥവാ ഡീലൊന്നുമില്ലാതെ യൂണിയനില്‍ നിന്നും വിട്ട് പോവുകയാണോ വേണ്ടതെന്ന കാര്യത്തിലും ജനത്തിന് അന്തിമവിധി പറയാന്‍ അവസരമൊരുക്കണമെന്നും പെറ്റീഷന് ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല