1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2018

സ്വന്തം ലേഖകന്‍: യുകെയില്‍ മലയാളിയായ 15 വയസുകാരനെ കുത്തിക്കൊന്ന 5 കൗമാരക്കാര്‍ക്ക് ജീവാപര്യന്തം തടവ്. മലയാളിയായ ജേക്കബ് എബ്രഹാമിനെ അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡനത്തിന് ശേഷം കൊന്നതായാണ് കേസ്. കായ് ഫിഷര്‍ ഡിക്‌സണ്‍, ഷൊയിബ് മഹമൂദ്, ട്രെമെയിന്‍ ഗ്രേ, ഒമാറിയോണ്‍ സ്റ്റീഫന്‍സ്, അബ്ദുള്‍ഖാലിദ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിന് ജേക്കബ് എബ്രഹാമിനെ വീടിന് സമീപം വെച്ച് കൊലപ്പെടുത്തിയത്.

ജേക്കബ് വീടില്ലാത്തവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ അമ്മയെ സഹായിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ വാല്‍താം ക്രോസിലെ ഹഴ്സ്റ്റ് ഡ്രൈവില്‍ വെച്ച് കൊല നടന്നത്. വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ജേക്കബിനെ കാണാതായതോടെ സഹോദരന്‍ ഐസക് അന്വേഷിച്ചിറങ്ങി. തുടര്‍ന്ന് കുത്തേറ്റ് കിടക്കുന്ന ജേക്കബിനെ കണ്ടെത്തുകയായിരുന്നു.

എട്ട് തവണയാണ് ജേക്കബിന്റെ കാലുകളില്‍ അക്രമികള്‍ വെട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വലത് തുടയിലേറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാര്‍ന്നാണ് രാത്രി പത്ത് മണിയോടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അക്രമം നടക്കുമ്പോള്‍ വെറും 14 വയസ്സ് മാത്രമാണ് പ്രതികളുടെ പ്രായം. ഇവര്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ നിന്നുള്ളവരാണ് എല്ലാ പ്രതികളും.

കൊലപാതക്കുറ്റം നിഷേധിച്ചെങ്കിലും അഞ്ചാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ ഇവര്‍ കുറ്റക്കാരാണെന്ന് ജൂണ്‍ 25ന് സെന്റ് ആല്‍ബന്‍സ് ക്രൗണ്‍ കോടതി വിധിച്ചു. ഗ്രേ, സ്റ്റീഫന്‍സ് എന്നിവര്‍ക്ക് 14 വര്‍ഷവും, മുഹമ്മദിന് 13 വര്‍ഷവും, ഫിഷര്‍ ഡിക്‌സണ്‍, മഹമൂദ് എന്നിവര്‍ക്ക് 12 വര്‍ഷവുമാണ് ശിക്ഷ ലഭിച്ചത്. എന്‍ഫീല്‍ഡ് കേപ്പല്‍ മാനര്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ജേക്കബ് എബ്രഹാം. ഇരയെ മനഃപ്പൂര്‍വ്വം വേദനിപ്പിച്ച് കൊല്ലുകയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും കോടതി കണ്ടെത്തി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.